X

പോളണ്ടിനെതിരെ മെക്‌സിക്കന്‍ തിരമാലകള്‍ ഉയരുമോ?

974 എന്നാല്‍ അത് ഖത്തറിന്റെ രാജ്യാന്തര കോഡ്. അതേ നാമത്തില്‍ നഗര മധ്യത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന 974 സ്‌റ്റേഡിയത്തില്‍ ഇന്ന് മെക്‌സിക്കന്‍ തിരമാലകള്‍ ഉയരും. ഏത് ലോകകപ്പിന്റെയും അടയാളമാണ് മെക്‌സിക്കോയില്‍ നിന്നുള്ള ആരാധക സംഘം. അവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ എത്തിയിട്ടുണ്ട്. പ്രത്യേക വസത്രതൊപ്പി വിതാനത്തില്‍ ഗ്യാലറിയുടെ ഒരു ഭാഗത്ത് അവര്‍ തിരമാലയാവുമ്പോള്‍ ഗ്രൂപ്പ് സി യില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ല. രണ്ടാം ലോകകപ്പിനെത്തുന്ന ലെവന്‍ഡോവ്‌സ്‌കിയുടെ നാമധേയത്തില്‍ ഇത് വരെ ലോകകപ്പ് ഗോളില്ല. ഇന്ന് അദ്ദേഹത്തിന്റെ വലിയ മോഹം ഒരു ഗോളായിരിക്കും. യൂറോപ്പില്‍ നിന്നും പോളണ്ടിനെ ഖത്തറില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത് അദ്ദേഹമാണ്.

യോഗ്യതാ റൗണ്ടില്‍ ഈ ബാര്‍സിലോണക്കാരന്‍ ഒമ്പത് ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. നാല് വര്‍ഷം മുമ്പ് നടന്ന ലോകകപ്പ് പോളണ്ടിനും ലെവന്‍ഡോസ്‌കിക്കും ദുരനുഭവമായിരുന്നു. സ്വന്തം ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി പുറത്തായി. ഇത്തവണ അര്‍ജന്റീനക്ക് പിറകില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് യോഗ്യത നേടുകയാണ് ലക്ഷ്യം. 1986 ന് ശേഷം ലോകകപ്പിന്റെ രണ്ടാം റൗണ്ട് കളിക്കാന്‍ അവര്‍ക്കായിട്ടില്ല എന്നത് പോളണ്ടിന്റെ നിറമുള്ള ഫുട്‌ബോള്‍ ചരിത്രത്തിലെ മോശം അധ്യായമാണ്. അതേ സമയം മെക്‌സിക്കോക്കാര്‍ 1978 ന് ശേഷം ലോകകപ്പുകളില്ലെല്ലാം നോക്കൗട്ട് കളിച്ചവരാണ്.

അവസാന ആറ് ലോകകപ്പുകളില്‍ അഞ്ചിലും ആദ്യ റൗണ്ട് അനായാസം ജയിച്ച പാരമ്പര്യവും അവര്‍ക്കുണ്ട്. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടന്ന മല്‍സരങ്ങളില്‍ അവര്‍ക്ക് മെച്ചപ്പെട്ട റിസല്‍ട്ട് ഇല്ല. നാപോളിയുടെ ഹിര്‍വിംഗ് ലോസാനോയാണ് മെക്‌സിക്കന്‍ സംഘത്തിലെ അപകടകാരി. കഴിഞ്ഞ ആറു ലോകകപ്പുകളില്‍ അഞ്ചിലും ആദ്യ മത്സരം വിജയിച്ച ചരിത്രമാണ് മെക്‌സിക്കോയ്ക്കുള്ളത്.

Test User: