ഖത്തറില്‍ കിരീടം സ്വന്തമാക്കുന്നവരുടെ പ്രവചന പട്ടികയില്‍ ആദ്യ സ്ഥാനം നേടിയവരാണ് അര്‍ജന്റീനക്കാര്‍. പക്ഷേ ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ മെസിക്കും സംഘത്തിനും മുന്നില്‍ ഇനി അതിജീവന പോരാട്ടങ്ങളാണ്. ഗ്രൂപ്പ് സിയില്‍ അവശേഷിക്കുന്നത് രണ്ട് മല്‍സരങ്ങള്‍. രണ്ടിലും ജയിച്ചാല്‍ മാത്രം നോക്കൗട്ട്. ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ മല്‍സരം.
പ്രതിയോഗികളായ മെക്‌സിക്കോ ശക്തരാണ്. പോളണ്ടിനെതിരെ അതിഗംഭീര പ്രകടനത്തിലൂടെ സമനില സ്വന്തമാക്കിയവര്‍. ലോകകപ്പ് ചരിത്രത്തില്‍ ഇരുവരും തമ്മില്‍ പോരാട്ടങ്ങളുടെ ആവേശ ചരിത്രമുണ്ട്. 2006 ലെ ജര്‍മന്‍ ലോകകപ്പ് ആരും മറക്കില്ല. മെസി അരങ്ങേറിയ ലോകകപ്പും അദ്ദേഹത്തിന്റെ ഗോളും. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഡിയാഗോ മറഡോണ പരിശീലിപ്പിച്ച സംഘം 3-1ന് ജയിച്ചത് കാര്‍ലോസ് ടെവസ് മികവിലായിരുന്നു.
ഇന്ന് പക്ഷേ വലിയ സമ്മര്‍ദ്ദമുണ്ട്. സഊദി അറേബ്യക്കെതിരെ അനായാസ വിജയം തേടിയിറങ്ങിയ ടീം ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മെസിയുടെ പെനാല്‍റ്റി ഗോളും പിറകെ നാലോളം ഓഫ് സൈഡ് ഗോളുകളും. പക്ഷേ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളുമായി സഊദിക്കാര്‍ തിരിച്ചുവന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഫുട്‌ബോള്‍ ലോകം ഞെട്ടിയിരുന്നു. ആദ്യ തോല്‍വിക്ക് കാരണം രണ്ടായിരുന്നു. ഒന്ന് കാലാവസ്ഥ. ഉച്ചവെയിലിലായിരുന്നു സഊദിക്കാരുമായുള്ള പോരാട്ടം. ഖത്തറിന്റെ അയല്‍ക്കാരായ സഊദിക്ക് ഈ കാലാവസ്ഥ പരിചിതമായിരുന്നെങ്കില്‍ ലാറ്റിനമേരിക്കന്‍ സംഘത്തിന് കഠിന വെയിലില്‍ രണ്ടാം പകുതി അസഹനീയമായിരുന്നു.
രണ്ടാമത് കാരണം പ്രതിരോധത്തിന്റെ ചാഞ്ചാട്ടമായിരുന്നു. കോച്ച് ലയണല്‍ സ്‌കലോനി പ്രതിരോധത്തിന് കൂടുതല്‍ സ്വാതന്ത്രം നല്‍കുന്ന വ്യക്തിയാണ്. പക്ഷേ സഊദിക്കെതിരെ അത് തിരിച്ചടിച്ചു. മെസിയെ മാര്‍ക്ക് ചെയ്യാതെയാണ് സഊദിക്കാര്‍ കളിച്ചത്. മെക്‌സിക്കോ പക്ഷേ അതേ നയം തുടരില്ല. മെസി മാര്‍ക്ക് ചെയ്യപ്പെടുമ്പോള്‍ എയ്ഞ്ചലോ ഡി മരിയയെ പോലുള്ളവര്‍ക്ക് അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാവണം.