ബ്യൂണസ് അയേഴ്‌സ്: വെനിസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നായകന്‍ ലിയോ മെസിയെ കൂടാതെയായിരിക്കും അര്‍ജന്റീന കളിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫ്‌ളു ബാധിതനായ നായകന്‍ ആരോഗ്യവാനല്ലെന്നായിരുന്നു പറയപ്പെട്ടത്.
ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി മോണോക്കോയോട് മൂന്ന് ഗോളിന് തകര്‍ന്ന മല്‍സരത്തില്‍ മെസി കളിച്ചിരുന്നില്ല. പക്ഷേ സ്വന്തം നാട്ടിലേക്ക് എത്തിയ അദ്ദേഹം ഇന്നലെ കളിക്കുകയും ഗോള്‍ നേടുകയും ചെയ്തു. ഒരു പക്ഷേ സ്വന്തം രാജ്യത്ത് മെസി കളിക്കുന്ന അവസാന മല്‍സരമായിരിക്കാം ഇതെന്നാണ് കോച്ച് സ്‌കലോനി നല്‍കിയ സൂചന.
34 കാരനായ താരം ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര രംഗം വിടുമെന്നാണ് സൂചന. ലോകകപ്പിന് മുമ്പ് അര്‍ജന്റീന സ്വന്തം നാട്ടില്‍ ഇനി കളിക്കുന്നുമില്ല. എന്നാല്‍ ഇത് സംബന്ധമായി മെസി ഒന്നും പറഞ്ഞിട്ടില്ല. ഇന്നലെ മല്‍സരത്തിന് ശേഷം സംസാരിക്കവെ ഖത്തര്‍ ലോകകപ്പിന് ശേഷം കരിയറില്‍ പല തീരുമാനങ്ങളും എടുക്കാനുണ്ടെന്ന് മെസി പറഞ്ഞു. രാജ്യാന്തര റിട്ടയര്‍മെന്റ് തന്നെയാണ് നായകന്റെ മനസില്‍. പക്ഷേ തല്‍ക്കാലം ഇക്വഡോറിനെതിരായ ചൊവ്വാഴ്ച്ചയിലെ മല്‍സരം മാത്രമാണ് മനസിലെന്നും ജൂണില്‍ 35 ലെത്തുന്ന മെസി പറഞ്ഞു.