ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കുമെന്ന് രാഹുല്‍ഗാന്ധി. ‘ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി -സംസ്ഥാനത്തെ ഇന്‍ഡ്യ മുന്നണിയുടെ വിജയം ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും വിജയം. ഹരിയാനയിലെ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ചുവരികയാണ്.
വിവിധ നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള പരാതികള്‍ തിരഞ്ഞെടുപ്പ് കമീഷനെ അറിയിക്കും. പിന്തുണച്ച ഹരിയാനയിലെ ജനത്തിനും അശ്രാന്ത പരിശ്രമം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അവകാശങ്ങള്‍ക്കും നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടം ഞങ്ങള്‍ തുടരും, ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും’ -രാഹുല്‍ എക്‌സില്‍ കുറിച്ചു.
ജമ്മു-കശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍.സി)-കോണ്‍ഗ്രസ് സഖ്യം 49 സീറ്റുകള്‍ നേടിയാണ് അധികാരം ഉറപ്പിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകളും സഖ്യകക്ഷിയായ കോണ്‍ഗ്രസ് ആറ് സീറ്റും നേടി. സഖ്യത്തിന്‍റെ ഭാഗമായ സിപിഎം ഒരിടത്തും ജയിച്ചു. ജമ്മുവില്‍ ബിജെപിക്ക് 29 സീറ്റുണ്ട്. മുന്‍ ഭരണകക്ഷിയായ പിഡിപി മൂന്ന് സീറ്റിലൊതുങ്ങി.
ഹരിയാനയില്‍ വോട്ടുയന്ത്രത്തില്‍ അട്ടിമറിയുണ്ടെന്നും കോണ്‍ഗ്രസിനെ തോല്‍പിച്ചതാണെന്നും വിധി അംഗീകരിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞിരുന്നു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.