പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇംഗ്ലണ്ടില്‍ നിന്നും അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന് മുകളിലുടെ കരിബീയയിലേക്ക് പറന്ന ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തില്‍ നായകന്‍ രോഹിത് ശര്‍മയില്ല. സീനിയേഴ്‌സായ വിരാത് കോലി, ജസ്പ്രീത് ബുംറ, റിഷാഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവരൊന്നുമില്ല. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ സെക്കന്‍ഡ് ടീമില്‍ നിറയെ യുവതാരങ്ങളുണ്ട്.
ദേശീയ സംഘത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഇഷാന്‍ കിഷന്‍, ദിപക് ഹുദ, റിഥുരാജ് ഗെയിക്‌വാദ്, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാമുള്ള അവസരമായിരിക്കും വെള്ളിയാഴ്ച്ച ഇവിടെ ആരംഭിക്കാന്‍ പോവുന്ന വിന്‍ഡീസിനെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പര. ആദ്യ ചോദ്യം നായകന്‍ ധവാനൊപ്പം ആരായിരിക്കും ഇന്നിംഗ്‌സിന് തുടക്കമിടുക എന്നതാണ്. ഇഷാന്‍ കിഷനാണ് സാധ്യത. പക്ഷേ ഗില്ലും ഗെയിക്‌വാദും ഓപ്പണര്‍മാരാണ്. ഗെയിക്‌വാദിന് ഇത് വരെ ഏകദിനങ്ങളില്‍ അവസരം നല്‍കിയിട്ടില്ല. ഗില്‍ രാജ്യത്തിനായി മൂന്ന് ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. മുന്‍നിരയില്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം ഉറപ്പാണ്. ശ്രേയാംസ് അയ്യരെയും തഴയില്ല. ദീപക് ഹുദ, സഞ്ജു എന്നിവരില്‍ ആര്‍ക്കെല്ലാം കോച്ച് രാഹുല്‍ ദ്രാവിഡ് അവസരം നല്‍കുമെന്നതും ചോദ്യമാണ്. ഇത് വരെ കാര്യമായ അവസരം ലഭിച്ചിട്ടില്ല സഞ്ജുവിന്. ആകെ കളിച്ചത് ഒരേ ഒരു ഏകദിനത്തില്‍.
അവസാന വര്‍ഷം ലങ്കക്കെതിരെ കിട്ടിയ അവസരത്തില്‍ 46 പന്തില്‍ സഞ്ജു അത്രയും റണ്‍സ് നേടിയിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി-20 യില്‍ രണ്ട് മല്‍സരങ്ങളില്‍ കളിച്ചു. ആദ്യ മല്‍സരത്തില്‍ 42 പന്തില്‍ 77 റണ്‍സ് നേടി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിനുള്ള ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. പക്ഷേ അവസരം കിട്ടിയില്ല. അസ്ഥിരതയാണ് സഞ്ജുവിനെക്കുറിച്ചുള്ള പരാതി. പക്ഷേ സ്ഥിരത പ്രകടിപ്പിക്കാന്‍ മാത്രം അവസരങ്ങളും തിരുവനന്തപുരത്തുകാരന് ലഭിക്കുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ, റിഷാഭ് പന്ത് എന്നിവര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ ഓള്‍റൗണ്ടര്‍ ആനുകൂല്യം ഹുദക്കുണ്ട്. പേസര്‍മാരില്‍ മുഹമ്മദ് സിറാജ് മുന്‍നിരയിലുണ്ട്. സിറാജിനൊപ്പം ഷാര്‍ദുല്‍ ഠാക്കൂര്‍ ഇറങ്ങും. പിന്നെയുള്ള സ്ഥാനത്തിനായി പ്രസീത് കൃഷ്ണ, അര്‍ഷദിപ് സിംഗ്, ആവേശ്ഖാന്‍ എന്നിവരുണ്ട്. സ്പിന്നര്‍മാരുടെ കാര്യത്തില്‍ യുസവേന്ദ്ര ചാഹലും രവീന്ദു ജഡേജയും തന്നെ ഉത്തരം. 22,24,27 തിയ്യതികളിലാണ് ഏകദിനങ്ങള്‍.