അബുദാബി: ഇന്ന് ഞായര്‍. ഷെയിക്ക് സായിദ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് ടി-20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടുന്നു. അഫ്ഗാന്‍, കിവി ആരാധകരെക്കാള്‍ താല്‍പ്പര്യത്തില്‍ ഈ അബുദാബി പോരാട്ടത്തെ നിരീക്ഷിക്കുക ഇന്ത്യന്‍ ആരാധകരായിരിക്കും. കാരണം ഈ മല്‍സരം ഇന്ത്യയുടെ തലവിധിയെഴുതും. ഇന്ന് ന്യൂസിലാന്‍ഡ് ജയിച്ചാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവും.
അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് അങ്കത്തില്‍ നമീബിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് സെമി കളിക്കാനാവും. ഗ്രൂപ്പ് രണ്ടില്‍ ഇപ്പോള്‍ പാക്കിസ്താന്‍ മാത്രമാണ് സെമി ഉറപ്പിച്ചിരിക്കുന്നവര്‍. കളിച്ച നാല് മല്‍സരങ്ങളിലും ജയിച്ചവര്‍. നാളെ അവര്‍ അവസാന മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡുമായി കളിക്കുന്നുണ്ട്. ഇതിലും തോറ്റാലും ബാബര്‍ അസമിന്റെ സംഘത്തിന് പ്രശ്‌നങ്ങളില്ല.
നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നാല് മല്‍സരങ്ങളില്‍ നിന്നായി 4 പോയന്റാണ് ഇന്ത്യന്‍ സമ്പാദ്യം. അതേ സമയം നാല് മല്‍സരങ്ങളില്‍ കിവി സമ്പാദ്യം ആറ് പോയിന്റാണ്. അഫ്ഗാന്‍ നാലാമതാണ്. അവര്‍ക്കും നാല് മല്‍സരങ്ങളില്‍ നാല് പോയിന്റുണ്ട്. അബുദാബിയില്‍ മല്‍സരം നടക്കുന്നതാണ് ഇന്ത്യക്ക് തലവേദന. പേസിനെ തുണക്കുന്ന സാഹചര്യങ്ങളാണ് സായിദ് സ്‌റ്റേഡിയത്തില്‍. പേസിനെ മനോഹരമായി കളിക്കുന്നവരാണ് മാര്‍ട്ടിന്‍ ഗപ്ടിലും കെയിന്‍ വില്ല്യംസണുമെല്ലാം. അഫ്ഗാന്‍ സംഘത്തിലാവട്ടെ നല്ല സീമര്‍മാരും കുറവാണ്. അതേ സമയം മുഹമ്മദ് നബി നയിക്കുന്ന പത്താനി സംഘത്തിന്റെ ശക്തി സ്പിന്നര്‍മാരാണ്. സായിദ് സ്‌റ്റേഡിയത്തിലെ ട്രാക്ക് സ്പിന്നിനൊപ്പം നിന്നാല്‍ മാത്രമാണ ്കിവിസിനെ വിറപ്പിക്കാനാവു. അവസാന മല്‍സരത്തില്‍ നമീബിയക്ക് മുന്നില്‍ കിവി മുന്‍നിര തകര്‍ന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുമുണ്ട്.
പക്ഷേ വലിയ ചരിത്രം കിവിസിനൊപ്പമാണ്-നിര്‍ണായക മല്‍സരങ്ങളില്‍ തോല്‍ക്കാത്തവരാണവര്‍. ഇന്ന് ജയിച്ചാല്‍ സാധ്യത അഫ്ഗാനമുള്ളതിനാല്‍ അവരും ജാഗ്രതയിലാണ്. നല്ല മാര്‍ജിനില്‍ ജയിക്കാനായാല്‍ റണ്‍റേറ്റില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനും അഫ്ഗാനാവും. സ്‌ക്കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരെയായിരുന്നു അഫ്ഗാന്‍ വിജയം. രണ്ട് മല്‍സരങ്ങളിലും സ്പിന്നര്‍മാരായിരുന്നു അരങ്ങ് തകര്‍ത്തത്. റാഷിദ് ഖാന്‍, മുജിബ് റഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം മുഹമ്മദ് നബിയും മികച്ച സ്പിന്‍ ഓപ്ഷനാണ്.