കേപ്ടൗണ്‍: 2023 ലെ ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ലക്ഷ്യം. പക്ഷേ തോല്‍വികള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതാണോ ലോകകപ്പ് ടീം എന്ന ചോദ്യവും ശക്തമായി ഉയരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും തകര്‍ന്നടിഞ്ഞ ഇന്ത്യ കേപ്ടൗണില്‍ ഇന്ന് അവസാന മല്‍സരത്തിനിറങ്ങുമ്പോള്‍ ലക്ഷ്യം ഒന്ന് മാത്രം- മാനം പോവരുത്. ഇന്നും തോറ്റാല്‍ അതില്‍പ്പരം നാണക്കേട് വരാനുമില്ല.
ദക്ഷിണാഫ്രിക്കക്ക് സമ്മര്‍ദ്ദം തെല്ലുമില്ല. പേളില്‍ നടന്ന ആദ്യ രണ്ട് മല്‍സരങ്ങളിലും അനായാസമായാണ് അവര്‍ ജയിച്ചത്. ഇന്ന് ലുന്‍ഗി എന്‍ഗിടിക്ക് വിശ്രമം നല്‍കും. പകരം ടെസ്റ്റ് പരമ്പരയില്‍ മിന്നിയ മാര്‍ക്കോ ജാന്‍സണോ, ഡ്വിന്‍ പ്രിട്ടോറിയസോ കളിക്കും. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെ നിലം തൊടീക്കാത്ത പ്രകടനമാണ് ഇത് വരെ അവര്‍ നടത്തിയത്. ആദ്യ ഏകദിനത്തില്‍ നായകന്‍ ടെംപ ബവുമ, വാന്‍ഡര്‍ ഡൂസന്‍ എന്നിവരുടെ സെഞ്ച്വറി മികവിലാണ് ആതിഥേയര്‍ ജയിച്ചതെങ്കില്‍ രണ്ടാം മല്‍സരത്തില്‍ ഓപ്പണര്‍മാരായ ജാനേമന്‍ മലാന്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ മികവിലാണ് ടീം ഏകപക്ഷീയമായി ജയിച്ചത്. ബൗളിംഗില്‍ സ്പിന്നര്‍മാരായ മാര്‍ക്ക് റാമും കേശവ് മഹാരാജുമെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ച് നിര്‍ത്തുന്നു. പവര്‍ പ്ലേ ഘട്ടത്തില്‍ പോലും ഒന്നും ചെയ്യാന്‍ കഴിയാത്തവരായി ഇന്ത്യന്‍ ബൗളിംഗ് മാറുന്നു. ജസ്പ്രീത് ബുംറക്ക് പകരം ഇന്ന് മുഹമ്മദ് സിറാജ് വരും. ദീപക് ചാഹറിനും അവസരമുണ്ടാവും.