കഷ്ടപ്പെട്ട് പഠിച്ച് സര്‍വീസില്‍ കയറി പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകാന്‍ 20 വര്‍ഷമെങ്കിലും ഒരു ഐ.എ.എസുകാര്‍ ജോലിചെയ്യണം. കാര്യമായി അധ്വാനമില്ലാതെ, കൊടിപിടിച്ചാലും ആ പദവി കിട്ടുമെന്ന് തെളിയിക്കുകയാണ് ഇടതുസര്‍ക്കാര്‍. നവകേരള കര്‍മ്മ പദ്ധതി കോ ഓര്‍ഡിനേറ്ററായ സി.പി.എം നേതാവ് ടി.എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കിയാണ് സര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്ക് ഉത്തേജനം പകരുന്നത്. സീമക്ക് ഇനി കൈനിറയെ ശമ്പളം, സ്വന്തമായി വാഹനം, കാര്യങ്ങള്‍ നോക്കാന്‍ സഹായി, നല്ല വീട് വാടകക്കെടുക്കാന്‍ ബത്ത എന്നിവയെല്ലാം ലഭിക്കും.
ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉത്തരവാക്കിയെങ്കിലും രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഈ മാസം നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഒപ്പിട്ട ഉത്തരവ് പുറത്തായതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ജനുവരി 17ന് തന്നെ ഈ പദവി നല്‍കാന്‍ ശുപാര്‍ശയുണ്ടായിരുന്നു. ധനവകുപ്പിലെ തടസം കാരണം നീണ്ടുപോകുകയായിരുന്നെങ്കിലും പാര്‍ട്ടി കര്‍ശനമായി നിര്‍ദേശിച്ചതോടെ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ചതോടെ ടി.എന്‍ സീമക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. എട്ടുമാസത്തെ ശമ്പള കുടിശ്ശികയായ 18 ലക്ഷത്തോളം രൂപയും സീമക്ക് ലഭിക്കും.
ഐ.എ.എസ് ലഭിക്കുന്നയാള്‍ക്ക് മിനിമം 20-25 വര്‍ഷം സര്‍വീസാകുമ്പോള്‍ ലഭിക്കുന്ന പദവിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം. അതത് കേഡറില്‍ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐ.എ.എസുകാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിക്കുന്നത്. 1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ, അടിസ്ഥാന ശമ്പളത്തിന്റെ 8 മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സ് ആയും ഇവര്‍ക്ക് ലഭിക്കും. എച്ച്.ആര്‍.എ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. കാര്‍, പേഴ്സണല്‍ സ്റ്റാഫ് (സി.എ, ഡ്രൈവര്‍, പ്യൂണ്‍) എന്നിവരും ഇവര്‍ക്കുണ്ടാകും. ഫോണ്‍ ചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മൂന്നിനാണ് ടി.എന്‍. സീമയെ നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചത്്. ലൈഫ്,ആര്‍ദ്രം,ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകള്‍ കൂട്ടിച്ചേര്‍ന്നാണ് നവകേരള കര്‍മ്മ പദ്ധതി രൂപികരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഹരിത കേരള മിഷന്‍ കോ -ഓര്‍ഡിനേറ്ററായിരുന്നു സീമ.രാജ്യസഭ എം.പി യായിരുന്ന സീമക്ക് എം.പി പെന്‍ഷനും ലഭിക്കും. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.പി. പെന്‍ഷന്‍ 25,000 രൂപയാണ്.