ലൈംഗിക പരാതി ഉയര്‍ന്നിട്ടും ഇപ്പോഴും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ വിവിധയിടങ്ങളില്‍ പൂമാലയിട്ട് സ്വീകരിക്കുകയാണെന്നും നീതി ലഭിക്കും വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍. ഞായറാഴ്ച സമരവേദിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിഷേധക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വനിതാ കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി ‘മന്‍ കി ബാത്’ നടത്തുന്ന പ്രധാനമന്ത്രി ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണെന്നും തനിക്കെതിരേ ലൈംഗിക പരാതി നല്‍കിയ വനിതാ താരങ്ങളെല്ലാം കോണ്‍ഗ്രസ് നേതാവായ ദീപേന്ദര്‍ സിങ് ഹൂഡ രക്ഷാധികാരിയായ അഖാഡയില്‍ പരിശീലിക്കുന്നവാരണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചതുകൊണ്ട് നീതി ലഭിക്കില്ല. നീതി വേണമെങ്കില്‍ പൊലീസിനേയും കോടതിയേയും സമീപിക്കണം. ഇതുവരെ ഇതൊന്നും ചെയ്യാതെ അവര്‍ തന്നെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ കോടതി എന്തുതന്നെ വിധിച്ചാലും അനുസരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.