ഇടതുമുന്നണിയില്‍ തുടരണമോയെന്നത് സംബന്ധിച്ച രാഷ്ട്രീയതീരുമാനം നിലവിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കുശേഷം കൈക്കൊള്ളുമെന്ന് ഇടതുസഹയാത്രികനും കൊടുവള്ളിയിലെ മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ.യുമായിരുന്ന കാരാട്ട് റസാഖ്.
പി.വി. അന്‍വറിനുപിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന കാരാട്ട് റസാഖ്, താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പത്തുദിവസത്തിനകം സി.പി.എം. പരിഹാരമാര്‍ഗം കാണണമെന്ന നിബന്ധനയുമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് രംഗത്തുവന്നിരുന്നു.
പരസ്യപ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി കാരാട്ട് റസാഖ് അറിയിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നാണ് അറിയിച്ചത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കുകയും വിവാദത്തിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉപതിരഞ്ഞെടുപ്പിനുശേഷം വ്യക്തമാക്കാമെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.
കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം. ഇക്കാര്യത്തിലും തന്റെ തിരഞ്ഞെടുപ്പുതോല്‍വിക്ക് വഴിയൊരുക്കിയവര്‍ക്കെതിരേ നല്‍കിയ പരാതിയിലും നടപടിയാവാത്തപക്ഷം കടുത്തതീരുമാനമെടുക്കുമെന്നായിരുന്നു റസാഖിന്റെ മുന്‍ പ്രസ്താവന.