X

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കഴുത്തറുക്കും: കേന്ദ്രമന്ത്രി ആര്‍.കെ.സിങ്

 

പട്‌ന: അഴിമതിക്കാരായ  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കഴുത്തറുക്കുമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ് കുമാര്‍ സിങ്. ബിഹാറിലെ ആറ ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ ചാന്ദ്‌വ വില്ലേജിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍.കെ സിങ്.

‘പദ്ധതിയില്‍ എന്റെ പേരുളളത് കൊണ്ട് തന്നെ, പ്രത്യേക വികസന പദ്ധതികള്‍ക്കായി അനുവദിക്കുന്ന ടെന്‍ഡറിലോ മറ്റോ ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ കാരണക്കാരായ, കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കഴുത്ത് ഞാന്‍ അറുക്കും. കേസ് റജിസ്റ്റര്‍ ചെയ്ത് എല്ലാവരെയും ജയിലിലടക്കും. ആര്‍.കെ സിങ് പ്രസംഗിച്ചു. എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാണെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

പ്രസ്താവന വിവാദമായതോടെ കേന്ദ്രമന്ത്രിയെ രക്ഷിക്കാനുള്ള വാദവുമായി സംസ്ഥാന ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്നും പ്രാദേശിക ശൈലി പ്രയോഗമാണ് ഇതൊന്നും അതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്നും പ്രാദേശിക ബിജെപി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ പ്രസ്താവന വിവാദമായ ശേഷം കേന്ദ്രമന്ത്രി ആര്‍.കെ.സിങ് പ്രതികരിച്ചില്ല.

.

chandrika: