X

‘അമിത് ഷാ ക്ഷണിച്ചിട്ടും ഞാന്‍ പോയില്ല, തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും’ – നടന്‍ ദേവന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് ചലചിത്ര നടന്‍ ദേവന്‍. ഒരു മുന്നണിയുടെയും സഹായം സ്വീകരിക്കാതെ സ്വന്തം നിലയിലാണ് മത്സരിക്കുക എന്നും സംസ്ഥാനത്തുടനീളം 20 സീറ്റില്‍ മത്സരിക്കാന്‍ ആലോചനയുണ്ട് എന്നും ദേവന്‍ വ്യക്തമാക്കി. നവകേരള പീപ്പ്ള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പാര്‍ട്ടിയുടെ പേര്. കോണ്‍ഗ്രസും ബിജെപിയും തന്നെ അവരുടെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും എന്നാല്‍ താന്‍ പോയില്ലെന്നും ദേവന്‍ വ്യക്തമാക്കി. കേരള കൗമുദി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയത്.

‘ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ സാമൂഹ്യ രംഗത്തുണ്ട്. പണ്ടെല്ലാം ആള്‍ക്കാര്‍ പറഞ്ഞിരുന്നത് എനിക്ക് ഭ്രാന്താണെന്നാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിര്‍ത്ത് നില്‍ക്കാനുളള ഒരു അന്തരീക്ഷം ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ഇന്ന് വിശ്വാസ യോഗ്യമായ ഒരു ബദല്‍ പാര്‍ട്ടിയുടെ ആവശ്യമുണ്ട്. പന്ത് ഇപ്പോള്‍ എന്റെ പാര്‍ട്ടിയുടെ കോര്‍ട്ടിലാണ്’ – ഒറ്റയ്ക്ക് നല്‍ക്കുമ്പോള്‍ വിജയിക്കുമോ എന്ന ചോദ്യത്തിന് ദേവന്‍ മറുപടി നല്‍കി.

തൃശൂരില്‍ നിന്നാണ് മത്സരിക്കുക എന്നും തന്നെ പോലെ ഒരാള്‍ തൃശൂരില്‍ നില്‍ക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.

‘സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു. ബി ജെ പിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം. ഇത്തവണ അവിടെ മത്സരം രാഷ്ട്രീയമായിട്ടായിരിക്കും’ – അദ്ദേഹം പറഞ്ഞു.

അമിത് ഷാ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ നിരസിക്കുകയായിരുന്നു. കോണ്‍ഗ്രസും ക്ഷണിച്ചിട്ടുണ്ട്. അതും നിരസിച്ചു. ആ പാര്‍ട്ടികളിലൊന്നും ചേരാന്‍ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല- ദേവന്‍ വിശദീകരിച്ചു.

അഴിമതിക്കെതിരായി ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് രൂപീകരിക്കുന്നത്. മലയാളികളുടെ ആത്മാഭിമാനത്തിന്റെ കടയിലാണ് വാള്‍ വന്ന് വീണിരിക്കുന്നത്. ഇത്രയും മോശമായ സംഭവങ്ങള്‍ കാണുമ്പോള്‍ ഒരു മലയാളി പൗരന്‍ എന്ന നിലയില്‍ നാണക്കേടുണ്ട്. നാണക്കേട് മാത്രമല്ല വിഷമവും ദു:ഖവുമുണ്ട്. അതിനെല്ലാം മാറ്റം വരണം. ഇപ്പോഴുളള രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ആരേയും നമുക്ക് തിരുത്താനാകില്ല- ദേവന്‍ ചൂണ്ടിക്കാട്ടി.

Test User: