X
    Categories: indiaNews

കര്‍ണാടകയില്‍ ലിംഗായത്തുകളുടെ അതൃപ്തി കോണ്‍ഗ്രസ് മുതലെടുക്കുമോ?

ബെംഗളൂരു: ലിംഗായത്ത് വിഭാഗത്തിന് പതിവില്‍ കവിഞ്ഞ പരിഗണന നല്‍കിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക, കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു. ബി.ജെ.പിയുടെ കളത്തില്‍ കയറി കളിക്കാനുള്ള നീക്കമാണ് ഡി.കെ ശിവകുമാറും സിദ്ധാരാമയ്യയും ചേര്‍ന്ന് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബി.എസ് യദ്യൂരപ്പയോടു കാണിക്കുന്ന അവണഗനയെച്ചൊല്ലി ലിംഗായത്ത് വിഭാഗത്തിനിടയില്‍ ബി.ജെ.പി ക്കെതിരെ വലിയ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇത് മുതലെടുക്കാന്‍ കഴിയുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

224 അംഗ നിയമസഭയില്‍ 55 സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ ലിംഗായത്തുകള്‍ ഉപാധി വച്ചിരുന്നു. ബി.ജെ.പി ഇത് സ്വീകരിക്കുമോ തള്ളുമോ എന്ന് ഇതുവരെ വ്യക്തമല്ല. അവരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നെങ്കില്‍ മാത്രമേ ഏത് ദിശയിലേക്കാണ് നീക്കം എന്ന് മനസ്സിലാകൂ.

അതേസമയം പ്രബല വിഭാഗമായ ലിംഗായത്തുകളെ കൈവിടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ സ്ഥാനാര്‍ഥി പട്ടിക. രണ്ടു ഘട്ടങ്ങളിലായി 166 സ്ഥനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ഇതുവരെ പ്രഖ്യാപിച്ചതില്‍ 43 സീറ്റ് ലിംഗായത്തുകള്‍ക്ക് വേണ്ടിയാണ് നീക്കിവെച്ചിട്ടുള്ളത്. 2018ല്‍ ലിംഗായത്തുകള്‍ക്ക് ആകെ അനുവദിച്ചിരുന്നതും 43 സീറ്റ് ആയിരുന്നു. ഇനി പ്രഖ്യാപിക്കാനുള്ള 58 സീറ്റുകളില്‍ 12 സീറ്റുകള്‍ കൂടി നീക്കിവെച്ചാല്‍ ലിംഗായത്തുകള്‍ ആവശ്യപ്പെട്ട 55 സീറ്റിലേക്കെത്തും. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്ന ലിംഗായത്ത് വോട്ടുവാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ പോലും തിരഞ്ഞെടുപ്പില്‍ അത് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

webdesk11: