പ്രതിപക്ഷഐക്യമുന്നണിയായ ഇന്ത്യയുടെ യോഗം മുംബൈയില്‍ വച്ച് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബിജെപി പോസ്റ്റര്‍. ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2024 ഞാന്‍ മടങ്ങി വരും…! എന്നാണ് പോസ്റ്ററിലെ വാക്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉണ്ട്. പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു… സ്വപ്നം കണ്ടോളൂ… ടെര്‍മിനേറ്റര്‍ എപ്പോഴും വിജയിക്കുമെന്ന് അടിക്കുറിപ്പും പോസ്റ്ററിന് നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന്‍ നാളെ മുംബൈയില്‍ ആരംഭിക്കും.ആഗസ്ത് 31നും സെപ്തംബര്‍ ഒന്നിനുമായിട്ടാണ് മൂന്നാമത് യോഗം നടക്കുന്നത്. മുംബൈയില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന്‍ വേദിയാകുക നിര്‍ണായക ചര്‍ച്ചകള്‍ക്ക്. കൂടുതല്‍ കക്ഷികള്‍ സഖ്യത്തിന്റെ ഭാഗമാകുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.ജൂണ്‍ 23ന് പട്‌നയില്‍ നടന്ന ആദ്യ സെഷനില്‍ 16 പാര്‍ട്ടികളാണ് പങ്കെടുത്തത്. ജൂലായ് 17,18 തിയതികളില്‍ ബെംഗളൂരുവില്‍ നടന്ന യോഗത്തില്‍ 26 പാര്‍ട്ടികള്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് മുംബൈയില്‍ അടുത്ത യോഗം ചേരുന്നത്.
ഇന്ത്യ സഖ്യത്തിന് ഒരു കണ്‍വീനറെ നിശ്ചയിക്കുക, വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിക്കുക എന്നിവയാണ് മുംബൈ യോഗത്തിന്റെ രണ്ട് പ്രധാന അജണ്ടകള്‍. വിവിധ കക്ഷികളെ ഒരുമിച്ചു കൊണ്ടുപോകേണ്ട ചുതമല പുതുതായി രൂപം നല്‍കുന്ന കോ-ഓഡിനേഷന്‍ കമ്മിറ്റിക്കായിരിക്കും.ഇന്ത്യ സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയുടെ കരടു സംബന്ധിച്ചും സഖ്യത്തിന് പൊതുവായ ഒരു ലോഗോ രൂപകല്‍പ്പന ചെയ്യുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.
ശിവസേന ഉദ്ദവ് വിഭാഗവും ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും ചേര്‍ന്നാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. സീറ്റ് വിഭജനവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും സംബന്ധിച്ച ചര്‍ച്ചകള്‍ മറ്റു കാര്യങ്ങളിലെല്ലാം ധാരണയില്‍ എത്തിയ ശേഷമേ ഉണ്ടാകൂ എന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ പ്രതികരിച്ചു. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിടുന്നതിനൊപ്പം ഒരുമിച്ച് തന്നെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുക എന്ന നിര്‍ദേശവും മുന്നിലുണ്ട്.