ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം.
കെ.മുരളീധരന്‍ എം.പിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് അറിയിച്ചത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറിയതായി മറുപടി വ്യക്തമാക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന്‍ എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. കേരളത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്. അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച് കേരളത്തിനും കേന്ദ്രം കത്ത് കൈമാറിയിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയാവും അന്തിമപരിശോധന നടത്തി സ്ഥലം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങളുള്‍പ്പെടെ പരിശോധിച്ചതിനുശേഷമാവും കേരളത്തിലെ എയിംസ് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുക. കര്‍ണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. ധനകാര്യമന്ത്രാലയം ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ മുരളീധരന്‍ എം.പി പ്രതികരിച്ചു. രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്.