X

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടേക്കും; തീരുമാനം അടുത്തയാഴ്ച

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. തുടര്‍ നിലപാട് സ്വീകരിക്കാന്‍ ഡി.ജി.പി അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ക്രൈംബ്രാഞ്ച് എഡി.ജി.പിയുടെയും ഐ.ജിയുടെയും അന്വേഷണ സംഘത്തിന്റെയും യോഗമാണ് ഡി.ജി.പി വിളിച്ചിരിക്കുന്നത്.
ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനാണെന്നും അന്വേഷണസംഘം കണ്ടെത്തി. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന അര്‍ജ്ജുന്റെ മൊഴി തള്ളുന്നതായിരുന്നു ശാത്രീയപരിശോധനാ ഫലങ്ങള്‍. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും വെച്ചാണ് അപകടമരണമാണെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച് എത്തിയത്.
സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സുഹൃത്തുക്കള്‍ ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണം ക്രൈം ബ്രാഞ്ച് തള്ളി. എന്നാല്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ച ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയായിരുന്നു. ഈ കത്തില്‍ പറയുന്ന ആരോപണങ്ങളും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ഡി.ജി.പി വിളിക്കുന്ന യോഗത്തില്‍ വിലയിരുത്തും.
നിലവിലെ കണ്ടെത്തലുകള്‍ക്കപ്പുറം കൂടുതല്‍ എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കില്‍ തുടരന്വേഷണം നടത്തുമെന്നും അല്ലെങ്കില്‍ സി.ബി.ഐ അന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി റിപ്പോര്‍ട്ട് നല്‍കുമെന്നും ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

chandrika: