X

ഋഷിയുടെ കരങ്ങളില്‍ ബ്രിട്ടന്‍ രക്ഷപ്പെടുമോ-എഡിറ്റോറിയല്‍

ബ്രിട്ടീഷ് രാഷ്ട്രീയവും സമ്പദ്ഘടനയും കുറച്ചു കാലമായി പ്രക്ഷുബ്ധമാണ്. യൂറോപ്യന്‍ യൂണിയനെ മൊഴി ചൊല്ലി പുറത്തുപോന്നതിനുശേഷം ആ രാജ്യത്തിന് സ്വസ്ഥതയുണ്ടായിട്ടില്ല. ബ്രെക്‌സിറ്റോടെ ബ്രിട്ടന് സ്വന്തം കാലില്‍ നില്‍ക്കാനാവുമെന്നും സമ്പദ്ഘടന തഴച്ചുവളരുമെന്നും പ്രതീക്ഷിച്ചവര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ പ്രധാനമന്ത്രിമാര്‍ക്ക് ഇരിക്കപ്പൊറുതി ലഭിച്ചില്ല. ഏറ്റവുമൊടുവില്‍ രണ്ട് മാസത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാരെയാണ് ബ്രിട്ടന്‍ പരീക്ഷിച്ചത്. ബോറിസ് ജോണ്‍സന് ശേഷം വന്ന ലിസ് ട്രസിന് പിടിച്ചുനില്‍ക്കാനായത് 45 ദിവസം മാത്രം. ഇപ്പോള്‍ ഏഷ്യന്‍ വംശജനായ ഋഷി സുനകിന്റെ ഈഴമാണ്. അദ്ദേഹവും എത്രകാലമെന്ന ചോദ്യം മറുപടിയില്ലാതെ അവശേഷിക്കുന്നു. കോവിഡ് കാലത്ത് ബോറിസ് ജോണ്‍സന് കീഴില്‍ ധനമന്ത്രിയായിരിക്കെ സ്തുത്യര്‍ഹമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചുവെന്നത് ശരി തന്നെ. അതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് സമ്മതിക്കാതെ വയ്യ. കോവിഡ് മഹാമാരി കൊടുങ്കാറ്റിന്റെ തീവ്രസ്വഭാവം ഉപേക്ഷിച്ച് പിന്‍വാങ്ങിയെങ്കിലും സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ബ്രിട്ടനില്‍ മാറ്റമില്ലാതെ അവശേഷിക്കുകയാണ്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും യുദ്ധവും യൂറോപ്പിനെ മുഴുക്കെയും പിടിച്ചുലച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും ബ്രിട്ടന്‍ എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

സുനകിനെപ്പോലെ അതിസമ്പന്നനായ ഒരാള്‍ക്ക് ബ്രിട്ടീഷ് സാമ്പത്തിക പ്രതിസന്ധി എത്രമാത്രം ബോധ്യപ്പെടുമെന്ന് അറിയില്ല. സണ്‍ഡേ ടൈംസ് പുറത്തുവിട്ട പട്ടിക പ്രകാരം ബ്രിട്ടീഷ് സമ്പന്നരില്‍ 222-ാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. ബ്രിട്ടീഷ് രാജാവിന്റെ കൈവശമുള്ളതിനേക്കാള്‍ സമ്പത്ത് സുനകിന് സ്വന്തമായുണ്ട്. ഡൗണിങ് സ്ട്രീറ്റിന് പുറത്ത് പക്ഷേ, സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വിലക്കയറ്റത്തെ തുടര്‍ന്ന് ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും കടക്കെണിയിലാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയക്കറ്റം ജീവിതത്തിലെ മറ്റ് അത്യാവശ്യങ്ങള്‍ മാറ്റിവെക്കാന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കിയിരുന്നു. താഴ്ന്ന വരുമാനക്കാരെയാണ് പ്രതിസന്ധി ഏറെ പിടിച്ചുലച്ചത്. ഇടത്തരക്കാരും പ്രയാസപ്പെടുകയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനകളിലൊന്നായി ബ്രിട്ടന്‍ അറിയപ്പെടുമ്പോഴും ദരിദ്രരെപ്പോലെ ജീവിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. സാമ്പത്തിക പുരോഗതി നോക്കുമ്പോള്‍ ഇന്ത്യക്കും പിന്നിലാണ് ബ്രിട്ടനുള്ളത്. ജി.ഡി.പിയില്‍ വന്‍ ഇടിവുണ്ടായി. സര്‍വേകള്‍ പ്രകാരം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷിത നിരക്കിന്റെ അഞ്ചിരട്ടിയാണ് നാണയപ്പെരുപ്പം. കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.1 ശതമാനത്തിലാണ് നാണയപ്പെരുപ്പം എത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജീവിതം അടിമുടി ദുസ്സഹമായിരിക്കെ സമ്പദ്ഘടനയെ കരകയറ്റുകയെന്ന ഭാരിച്ച ദൗത്യത്തിന് മുന്നില്‍ ഭരണകൂടം പകച്ചുനില്‍ക്കുകയാണ്. രണ്ടാം
ലോക യുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.

മുതലാളിത്ത സാമ്പത്തിക സമവാക്യങ്ങളിലൂടെ മാത്രം സമ്പദ്ഘടന രക്ഷപ്പെടില്ലെന്ന് ബ്രിട്ടന് ബോധ്യപ്പെടാന്‍ ഇനിയും സമയമെടുത്തേക്കും. ചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്ത പടവുകളില്‍ കയറിനിന്നതുകൊണ്ടാണ് ലിസ് ട്രസിന് ചുവടു പിഴച്ചത്. സാധാരണക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ ധനികരെ കൂടുതല്‍ സമ്പന്നരാക്കാനുള്ള തന്ത്രങ്ങളായിരുന്നു അവര്‍ മുന്നോട്ടുവെച്ചത്. അതിസമ്പന്നരുടെ നികുതി വന്‍തോതില്‍ വെട്ടിക്കുറച്ച് സമ്പദ്ഘടനയെ രക്ഷപ്പെടുത്താമെന്ന വ്യാമോഹം ലിസ് ട്രസിനെ ചതിച്ചു. സമ്പന്നര്‍ക്ക് പണം കൂടുമ്പോള്‍ സ്വാഭാവികമായി അത് സാധാരണക്കാരിലേക്ക് കിനിഞ്ഞിറങ്ങുമെന്ന ട്രിക്ക്ള്‍ ഡൗണ്‍ സിദ്ധാന്തത്തിലാണ് അവര്‍ കയറിപ്പിടിച്ചത്. അതിന് കച്ചിത്തുരുമ്പിന്റെ ബലം പോലുമില്ലെന്ന് മനസ്സിലാക്കാന്‍ ലിസ് ട്രസിന് ഡൗണിങ് സ്ട്രീറ്റില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. ബ്രിട്ടീഷ് പൊതുസമൂഹം കൂടുതല്‍ ദരിദ്രരായപ്പോള്‍ ഏതാനും സൂപ്പര്‍ റിച്ച് കരങ്ങളില്‍ കുന്നുകൂടിയതിന്റെ ദുരന്ത ഫമാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്നത്.

ധനികന്മാരെ പ്രതിനിധീകരിക്കുന്ന സുനകിന്റെ സാമ്പത്തിക തന്ത്രങ്ങളും ലിസ് ട്രസില്‍നിന്ന് വ്യത്യസ്തമായിരിക്കില്ല. സ്‌കൂളുകളില്‍ പാവപ്പെട്ട കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനെതിരെ പാര്‍ലമെന്റില്‍ വോട്ടുചെയ്തതിന്റെ കളങ്കം പ്രധാനമന്ത്രിയായതുകൊണ്ട് കഴുകിപ്പോകില്ല. രോഗവും മറ്റ് ശാരീരിക അവശതയും കാരണം ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്കുള്ള ആനുകൂല്യത്തോടും സുനകിന് കടുത്ത എതിര്‍പ്പുണ്ട്. ധനമന്ത്രിയായിരിക്കുമ്പോള്‍ ദരിദ്ര മേഖലകളിലേക്ക് നീക്കിവെച്ച പണമെടുത്ത് സാമ്പത്തികമായി ഏറെ ഭേദമപ്പെട്ട കണ്‍സര്‍വേറ്റീവ് മണ്ഡലങ്ങളിലേക്ക് മറിച്ചുവെന്ന ആരോപണവും ശക്തമാണ്. സുനകിന്റെ ഇന്ത്യന്‍ വേരുകള്‍ തോണ്ടിയെടുത്ത് ആഹ്ലാദത്തിന്റെ അമിട്ടുകള്‍ പൊട്ടിക്കുമ്പോഴും ഒരു മാന്ത്രികനെപ്പോലെ അദ്ദേഹം ബ്രിട്ടീഷ് ജനതയുടെ രക്ഷക്ക് എത്തുമോ എന്ന സംശയം പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഋഷിയിലെ ഭരണതന്ത്രജ്ഞനെ ലോകത്തിന് നേരില്‍ കാണാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. അത്രയും പ്രക്ഷുബ്ധമാണ് ബ്രിട്ടനിപ്പോള്‍.

Test User: