പ്യാങ്‌യാങ്: സായുധ ആക്രമണത്തിന് തുനിഞ്ഞാല്‍ ദക്ഷിണ കൊറിയയുടെ മുഴുവന്‍ സൈന്യത്തേയും ആണവായുധം ഉപയോഗിച്ച് തകര്‍ക്കുമെന്ന് മുന്നറിയിപ്പുമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയുള്ള ദക്ഷിണ കൊറിയന്‍ സൈനിക മേധാവിയുടെ പ്രസ്താവനകളാണ് കിമ്മിന്റെ സഹോദരിയെ പ്രകോപിപ്പിച്ചത്. ഉത്തരകൊറിയയുടെ ഏത് ഭാഗത്തും വളരെ വേഗത്തിലും കൃത്യതയിലും പതിക്കുന്ന മിസൈലുകള്‍ ദക്ഷിണ കൊറിയയുടെ കൈവശമുണ്ടെന്നായിരുന്നു സൈനിക മേധാവിയായ സു വൂക്കിന്റെ പ്രസ്താവന.
വളരെ വലിയ തെറ്റാണ് നിങ്ങള്‍ ചിന്തിക്കുന്നത്. ആണവ ശക്തിയായ ഉത്തരകൊറിയയെ ആക്രമിക്കാനുള്ള നിങ്ങളുടെ ചിന്തപോലും വിഭ്രാന്തിയായി മാത്രമേ കാണാന്‍ കഴിയൂ. ഒരുവേള, ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍ തിരിച്ച് ആണവായുധം ഉപയോഗിക്കാന്‍ ഞങ്ങള്‍ മടിക്കില്ല. അതിലൂടെ ദക്ഷിണ കൊറിയയുടെ മുഴുവന്‍ സൈന്യത്തേയും നാമാവശേഷമാക്കും, കിം യോ ജോങ് പറഞ്ഞു.
പ്രാഥമികമായി ഒരു പ്രതിരോധ ആയുധമായാണ് ആണവായുധത്തെ ഉത്തര കൊറിയ കാണുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ശത്രുവിനെ നശിപ്പിക്കാനുള്ള ആയുധമായി ആണവായുധം പ്രയോഗിക്കാന്‍ ഉത്തര കൊറിയ മടിക്കില്ല, കിം യോ ജോങ് പറഞ്ഞു.