ന്യൂയോര്‍ക്ക്: അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ അമേരിക്കയെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ട് ട്രംപിന്റെ ഭരണം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 12 മണി (ഇന്ത്യന്‍ സമയം കാലത്ത് 10.30) മുതല്‍ യു.എസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നത്. ഇതോടെ ഫെഡറല്‍ സര്‍ക്കാറിനു കീഴിലെ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു. ആയിരക്കണക്കിന് പേര്‍ പ്രതിസന്ധി തീരുന്നതുവരെ ഇനി ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരും.
ഒബാമ സര്‍ക്കാറിന്റെ അവസാന വര്‍ഷം(2013)ല്‍ ആണ് ഇതിനു മുമ്പ് യു.എസില്‍ സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്. 16 ദിവസത്തിനു ശേഷമാണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. ഇതിനു മുമ്പും സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നിട്ടുണ്ടെങ്കിലും സെനറ്റിലും യു.എസ് കോണ്‍ഗ്രസിലും ഒരേ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളപ്പോള്‍ അടിയന്തരാവസ്ഥ നേരിടേണ്ടി വരുന്നത് ഇതാദ്യമാണ്.
ഡമോക്രാറ്റുകളാണ് പ്രതിസന്ധിക്കു പിന്നിലെന്ന് ആരോപിച്ച് വൈറ്റ്ഹൗസ് രംഗത്തെത്തിയെങ്കിലും ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിലെ ചിലരുടെ ഇടപെടലും തിരിച്ചടിയായി. സെനറ്റിലും കോണ്‍ഗ്രസിലും ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുണ്ട്. ബജറ്റിലെ കുടിയേറ്റ വിരുദ്ധ നിര്‍ദേശങ്ങളും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ഫണ്ട് നീക്കിവെച്ചതും ചോദ്യം ചെയ്താണ് ഡമോക്രാറ്റുകള്‍ രംഗത്തെത്തിയത്. യു.എസ് കോണ്‍ഗ്രസ് ബജറ്റ് നേരത്തെ പാസാക്കിയിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍സിലെ ചില അംഗങ്ങളുടെ പിന്തുണയോടെ ഡമോക്രാറ്റുകള്‍ ഉയര്‍ത്തിയ എതിര്‍പ്പില്‍ സെനറ്റില്‍ ബജറ്റ് പരാജയപ്പെടുകയായിരുന്നു.
പ്രശ്‌ന പരിഹാരത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ സെനറ്റില്‍ തുടരുകയാണ്. ഇരു പക്ഷവും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ എത്ര ദിവസമെടുക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. അതുവരെ ഫെഡറല്‍ സര്‍ക്കാറിനു കീഴിലെ വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് മരവിച്ച അവസ്ഥയിലായിരിക്കും. രാജ്യരക്ഷ, അടിയന്തര ആരോഗ്യ സേവനങ്ങള്‍ തുടങ്ങി അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. പ്രതിസന്ധി നീണ്ടുപോയാല്‍ ഭരണകൂടത്തിനെതിരെ വലിയ ജനകീയ പ്രതിഷേധത്തിനും വഴിയൊരുങ്ങും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേയും ഇത് ഗുരുതരമായി ബാധിക്കും എന്നതിനാല്‍ പ്രതിസന്ധി അധികം നീണ്ടുപോകാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടില്ലെന്നാണ് കണക്കുകൂട്ടല്‍.
രണ്ടു ദശലക്ഷം ജീവനക്കാരാണ് ഫെഡറല്‍ സര്‍ക്കാറിനു കീഴിലുള്ളത്. ഇവയില്‍ പകുതിയിലധികം പേരും (പത്തു ലക്ഷം പേര്‍) വീട്ടിലിരിക്കേണ്ടി വരും. പ്രതിസന്ധി തീര്‍ന്നാല്‍ ഇവര്‍ക്ക് തിരികെ ജോലിക്കെത്താം. എന്നാല്‍ അതുവരെയുള്ള ദിവസത്തേക്ക് ഇവര്‍ക്ക് ശമ്പളമുണ്ടാകില്ല. റവന്യൂ സര്‍വീസില്‍ മാത്രം 45,000ത്തിലധികം പേര്‍ തല്‍ക്കാലം ‘തൊഴില്‍ രഹിതരാ’കുമെന്ന് ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
രാജ്യതാല്‍പര്യത്തേക്കാള്‍ ഡമോക്രാറ്റുകള്‍ രാഷ്ട്രീയ ലക്ഷ്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. സ്വന്തം ജനതയെ ബന്ദിയാക്കി നിയമ വിരുദ്ധ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ജനങ്ങളെ ഭിന്നിപ്പിക്കുന്ന ട്രംപിന്റെ നയങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് ഡമോക്രാറ്റ് നേതാവ് ചക് ഷൂമാക്കര്‍ തിരിച്ചടിച്ചു.