X

വന്യജീവി ആക്രമണം; പത്ത് വര്‍ഷത്തിനിടെ മരണപ്പെട്ടത് 1233 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടത് 1233 പേര്‍. 6803 പേര്‍ക്ക് പരിക്കേറ്റു. 38.19 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 34,875കേസുകളാണ് പത്ത് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 1233 പേര്‍ക്ക് ഇതില്‍ ജീവന്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് ഈസ്റ്റേണ്‍ സര്‍ക്കിളിലാണ്. 342 മരണമാണ് ഈസ്റ്റേണ്‍ സര്‍ക്കളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സെന്‍ട്രല്‍ സര്‍ക്കളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 230 ആണ്. നോര്‍ത്തേണ്‍ സര്‍ക്കളില്‍ 210 പേരും വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സതേണ്‍ സര്‍ക്കിളില്‍ 194 പേരും ഹൈറേഞ്ച് സര്‍ക്കിളില്‍ 99 പേരും കൊല്ലപ്പെട്ടു. പാലക്കാട് വനം വന്യജീവി വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 147 മരണങ്ങളാണ്. വന്യജീവികളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത് നോര്‍ത്തേണ്‍ സര്‍ക്കിളിലാണ്, 3236 പേര്‍.

സതേണ്‍ സര്‍ക്കിളില്‍ 1032 പേര്‍ക്കും സെന്‍ട്രേന്‍ സര്‍ക്കിളില്‍ 997 പേര്‍ക്കും ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 980 പേര്‍ക്കും പരിക്കേറ്റു. ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടായതും നോര്‍ത്തേണ്‍ സര്‍ക്കിളിലാണ്. 17.69 കോടി രൂപയുടെ നാശമാണ് ഇവിടെ മാത്രം ഉണ്ടായത്. ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 7.65 കോടി രൂപയുടെയും പാലക്കാട് വനം വന്യ ജീവി വിഭാഗത്തില്‍ 5.95 കോടി രൂപയുടെയും കൃഷിനാശമുണ്ടായി. വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി പത്തു വര്‍ഷത്തിനിടെ നല്‍കിയത് 21.54 കോടി രൂപയാണ്. പരിക്കേറ്റവര്‍ക്കായി 16.53 കോടി രൂപ നല്‍കി. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമായി 38.19കോടി രൂപയും വിതരണം ചെയ്തു. റാന്നി ഡിവിഷനു കീഴിലെ തണ്ണിത്തോട്, സീതത്തോട്, ചിറ്റാര്‍, നാറാണംമൂഴി തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ വന്യമൃഗ അക്രമണങ്ങള്‍ ഉണ്ടാകുന്നത്. കോന്നി ഡിവിഷനിനെ ആദിച്ചന്‍പാറ, കാട്ടാത്തി കോളനി, കാട്ടാം പാറ, പുനലൂര്‍ ഡിവിഷനിലെ പിറവന്തൂര്‍, പത്തനാപുരം, പട്ടാഴി മേഖലകളിലും തെന്മല ഡിവിഷനിലെ നാഗമല, പൂത്തോട്ടം, ആനപ്പെട്ടകൊങ്കല്‍ മേഖലകളിലും വന്യമൃഗങ്ങളുടെ ആക്രമണം ശക്തമാണ്.

Test User: