X
    Categories: NewsWorld

ലോസ്ആഞ്ചല്‍സിനെ ആശങ്കയിലാക്കി കാട്ടുതീ; 31,000 ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു

അമേരിക്കയെ ഭീതിയിലാക്കി ലോസ് ആഞ്ചല്‍സില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. പ്രദേശത്തിന്റെ വടക്ക് ഭാഗത്താണ് ബുധനാഴ്ചയോടെ പുതിയ കാട്ടുതീ രൂപപ്പെട്ടത്. ഇതോടെ മുപ്പതിനായിരത്തിലധികം വരുന്ന ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

കാസ്‌റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ഏക്കറിലധികം വിസ്തൃതിയിലേക്ക് അതിവേഗം പടരുകയായിരുന്നു. ഏഴിടത്തായാണ് കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ആളുകളെ വീട് വിടാന്‍ പ്രേരിപ്പിക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.

കാട്ടുതീയില്‍ നിന്ന് ലോസ് ആഞ്ചല്‍സ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും തീ ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി അമേരിക്കന്‍ സൈന്യം ദുരന്തബാധിത മേഖലയിലുണ്ട്.

നേരത്തെ, ശക്തമായ കാറ്റും അങ്ങേയറ്റം വരണ്ട കാലാവസ്ഥയും കാരണം ജനുവരി ഏഴിനാണ് ലോസ് ആഞ്ചല്‍സില്‍ കാട്ടുതീ ഉണ്ടായതും പടര്‍ന്നുപിടിച്ചതും. തീപിടിത്തം വ്യാപകമായ നാശത്തിനാണ് കാരണമായത്. 23,448 ഏക്കര്‍ ഭൂമി കത്തിനശിച്ചു. നിരവധി ജീവനുകള്‍ നഷ്ടമായി, വീടുകള്‍ കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്.

webdesk13: