ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ചുപേരുടെ മൃതദേഹം പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും കണ്ടെത്തി. പതിനൊന്നുപേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നും കണ്ടെത്തി.
ചൊവ്വാഴ്ച പാലിസേഡില്‍ കാട്ടുതീ പടര്‍ന്നു കയറുകയായിരുന്നു. ശക്തമായ കാറ്റുവീശിയത് വലിയ ദുരന്തത്തിലേക്ക് വഴിവെക്കുകയായിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ വരും ദിവസങ്ങളില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പുണ്ട്. കാലിഫോര്‍ണിയയുടെ അയല്‍പ്രദേശങ്ങളായ ബ്രെന്റ്വുഡ്, ബെല്‍ എയര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പുതുതായി 1,66,000 പേരെ ഒഴിപ്പിക്കാനാണ് ഉത്തരവ്. തീപിടുത്തത്തില്‍ ഏകദേശം 12,000 കെട്ടിടങ്ങള്‍ നശിക്കുകയും, 426 പേര്‍ക്ക് വീട് നഷ്ടമാവുകയും, നിരവധി ആളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
പാലിസേഡില്‍ 22,600 ഏക്കറില്‍ തീ പടര്‍ന്നു. ആകാശമാര്‍ഗവും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കാറ്റിന്റെ ശക്തി കൂടുന്ന സാഹചര്യത്തില്‍ ഇനിയും വ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയുടെ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.