ലോസ് ആഞ്ചലസില്‍ പടര്‍ന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. അപകടത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് മുതല്‍ കാറ്റ് ശക്തമാകുമെന്നതിനാല്‍ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ചയും ബുധനാഴ്ചയും മണിക്കൂറില്‍ 112 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണം ബുദ്ധിമുട്ടാകും.
ഈറ്റണ്‍ തീപിടുത്തത്തില്‍ 16 പേരും പാലിസേഡ്‌സ് തീപിടുത്തത്തില്‍ എട്ട് പേരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 10 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഏകദേശം 150000 ആളുകള്‍ക്ക് പലായനം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതായാണ് സൂചന.
കാലിഫോര്‍ണിയ കൂടാതെ മറ്റ് ഒമ്പത് യു.എസ് സംസ്ഥാനങ്ങളിലെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1,300-ലധികം ഫയര്‍ എഞ്ചിനുകളും 84 വിമാനങ്ങളും 14,000-ലധികം ഉദ്യോഗസ്ഥരും തീയണക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. മെക്സിക്കോയില്‍ നിന്ന് ഫയര്‍ഫോഴ്സും എത്തിയിട്ടുണ്ട്.