ലോസ് ആഞ്ചലിസ്: അമേരിക്കയിലെ ലോസ് ആഞ്ചലിസില്‍ കാട്ടുതീയില്‍ അഞ്ചു മരണം. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളായ 30,000ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ കാരണമായത്. ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായി പടര്‍ന്നത്.
തുടര്‍ന്ന് ഹോളിവുഡ് ഹില്‍സില്‍ വീണ്ടും തീപിടിത്തമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് വെള്ളം വര്‍ഷിച്ച് തീകെടുത്താന്‍ ശ്രമം തുടരുകയാണെന്ന് അഗ്‌നിശമനസേനാ വിഭാഗം മേധാവി ക്രിസ്റ്റിന്‍ ക്രൗലി പറഞ്ഞു. രണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും കത്തി നശിച്ചതായി ലോസ്ആഞ്ചലിസ് യൂണിഫൈഡ് സ്‌കൂള്‍ സൂപ്രണ്ട് ആര്‍ബെര്‍ട്ടോ കാര്‍വല്‍ഹോ പറഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി എട്ട് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അപകടസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.