മൂന്നാറിലെ കാട്ടുകൊമ്പന്‍ പടപ്പയെ വിരട്ടിയ സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ദാസ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് വനംവകുപ്പിന് വിവരം ലഭിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.
മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പികള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടലാറിലേക്കുള്ള പ്രധാന പാതയുടെ മുകള്‍ ഭാഗത്തു നിന്നിരുന്ന ആനയെ വാഹനത്തിലെത്തിയ ദാസ് വാഹനം ഇരപ്പിച്ചു പ്രകോപിപ്പിച്ചെന്നാണ് കേസ്. ഏറെ നേരം ഹോണ്‍ അടിക്കുകയും വാഹനം ഇരപ്പിക്കുകയും ചെയ്ത് ആനയെ പ്രകോപിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.