നിലമ്പൂര്‍ നഗരത്തില്‍ താലൂക്ക് ഓഫിസിനു സമീപം ജവാഹര്‍ കോളനിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഭീതി പരത്തിയ ആനകളെ മണിക്കൂറുകള്‍ പണിപ്പെട്ടാണ് കാട്ടിലേക്കോടിച്ചത്. കോളനിയില്‍ 194 വീടുകളുണ്ട്. സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന് പിന്നിലാണ് ആദ്യം ആനകളെ കണ്ടത്. കൊമ്പന്‍ ഉള്‍പ്പെടെ 3എണ്ണം ഉണ്ടായിരുന്നു. കൗണ്‍സിലര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി.
അപ്പോഴേക്കും ചക്കയുടെ മണം പിടിച്ച് ആനകള്‍ വീടുകള്‍ക്ക് അടുത്ത് പ്ലാവുകള്‍ ലക്ഷ്യമാക്കി നീങ്ങി. പഴുത്ത ചക്കകള്‍ പറിച്ചുതിന്നു. വനപാലകരും കോളനിവാസികളും ചേര്‍ന്ന് പടക്കം പൊട്ടിച്ച് വിരട്ടിയതോടെ 2 എണ്ണം പനയംകോട് മഹാഗണി തോട്ടത്തിലേക്ക് നീങ്ങി. ഒന്ന് കോളനിയിലൂടെ മൈലാടിപാലം ഭാഗത്തേക്ക് പോയി. കോളനിയില്‍ ഭീതി അടങ്ങിയപ്പോള്‍ 2 മണിയായി. ആന ശല്യം തുടങ്ങിയിട്ട് ഒരാഴ്ചയായെന്ന് കോളനി നിവാസികള്‍.