കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് കുത്തിക്കൊന്നത്. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിനു സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് കുത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അബ്രഹാമിന്റെ ശരീരം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കളക്ടർ ഉത്തരവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്.
കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങി. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കൂരാച്ചുണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്. ഈ സമയം കൊണ്ട് ധാരാളം രക്തം വാർന്നുപോയിരുന്നു.