നിലമ്പൂർ ചാലിയാർ വൈലാശ്ശേരി മേഖലയിൽ കാട്ടാനയിറങ്ങി. കെ.വി.ജേക്കബിന്റെ കൃഷിയിടത്തിൽ ചുള്ളിക്കൊമ്പൻ വ്യാപക നാശം വിതച്ചു. രാത്രി 11 ന് കൃഷിയിടത്തിൽ കടന്ന ആന, വാച്ചർ താമസിക്കുന്ന വീടിന്റെ അടുത്ത് വരെ എത്തി. ശബ്ദം കേട്ട് നോക്കിയ വാച്ചർ കണ്ടത് ജനാല അഴികൾക്ക് ഇടയിലൂടെ തുമ്പിക്കൈ നീട്ടാൻ ശ്രമിക്കുന്നതാണ്.
ഭയന്ന് നിശ്ശബ്ദനായി നിന്നു. ശ്രമം പരാജയപ്പെട്ട് ആന വിളകൾ നശിപ്പിക്കാൻ തുടങ്ങി. വലിയ പ്ലാവ് തള്ളിയിട്ടു ചക്ക തിന്നു. വാഴക്കൂട്ടം, കമുക് എന്നിവ നശിപ്പിച്ചു. കായ് ഫലമുള്ള മാവ് തള്ളിയിട്ടു. തുടർന്ന് എറക്കൽ ബിജുവിന്റെ കൃഷിയിടത്തിൽ കടന്നു.തേക്ക് മരം മറിച്ചിട്ട് സൗരോർജ വൈദ്യുതി വേലി തകർത്താണ് അകത്ത് കടന്നത്. കമുകിൻ തൈകൾ, വാഴ, തേക്ക് എന്നിവയും വയലിൽ ഇറങ്ങി നെൽക്കൃഷിയും നശിപ്പിച്ചു.
വീടുകളുടെ മുറ്റത്തു കൂടിയുള്ള ആനയുടെ രാത്രി സഞ്ചാരം നാട്ടുകാരുടെ ഉറക്കം കെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.മനോഹരൻ , വൈസ് പ്രസിഡന്റ് ഗീത ദേവദാസ്, സുരേഷ് തോണിയിൽ, ജേക്കബ്, വി.ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നോർത്ത് ഡിഎഫ്ഒക്ക് നിവേദനം നൽകി. ചുങ്കത്തറ പഞ്ചായത്ത് ഒന്നാം വാർഡ് ഇടമലയുടെ പൂച്ചക്കുത്ത്, മുണ്ടപ്പാടം, കൈപ്പിനി, മാർത്തോമ്മാ കോളജ്, എച്ച്എസ്എസ്, ആശുപത്രി ഭാഗങ്ങൾ ആന ഭീഷണി നേരിടുന്നു. പ്രദേശത്ത് പകലും ആന ഇറങ്ങുന്നുണ്ട്