കൊണ്ടോട്ടി: സമൂഹ്യ പ്രവര്‍ത്തകനായിരുന്ന റസാഖ് പയമ്പ്രോട്ടിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീജ ഇന്ന് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കും. റസാഖിന്റെ മരണത്തിന് തള്ളിയിട്ടവരെ കുറിച്ചും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
മെയ് 26ന് റസാഖിനെ സി.പി.എം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റസാഖിന്റെ വീടിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇടതു പക്ഷം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഈ വിഷയത്തില്‍ നടപടിയൊന്നും സ്വീകരിക്കാന്‍ നാളിതുവരെയായിട്ടും തയ്യാറായില്ല. പ്ലാന്റിലെ വിഷപ്പുക ശ്വസിച്ചാണ് തന്റെ സഹോദരന് ശ്വാസകോശ രോഗം വന്ന് മരിച്ചതെന്നും റസാഖിന് പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകളും റസാഖിന്റെ മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.