ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് രംഗത്തെത്തിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കള്ളക്കളി പൊളിഞ്ഞത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാറും റെയില്‍വേയും നല്‍കുന്ന ധനസഹായം തട്ടിയെടുക്കാനാണ് യുവതി ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞതെന്നാണ് വിവരം.
ഒഡീഷയിലെ കട്ടക്കിലുള്ള മനിയാബന്ദ സ്വദേശിനി ഗീതാഞ്ജലി ദത്തയാണ് കള്ളം പറഞ്ഞ് പുലിവാല് പിടിച്ചത്. ഭര്‍ത്താവ് ബിജയ് ദത്തയുമയി പിണങ്ങിക്കഴിയുന്ന ഗിതാഞ്ജലി ദത്ത 13 വര്‍ഷമായി തനിച്ചാണ് താമസം. ഇതിനിടെയാണ് ഒഡീഷ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് ഇവര്‍ രംഗത്തെത്തിയത്. ദുരന്ത സ്ഥലത്തെത്തി ഭര്‍ത്താവിന്റെ ‘മൃതദേഹം’ ഗീതാഞ്ജലി ദത്ത തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം ഒറിജിനല്‍ ഭര്‍ത്താവ് സ്റ്റേഷനില്‍ ജീവനോടെ ഹാജരായ വിവരം ലഭിച്ചതോടെ അറസ്റ്റ് ഭയന്ന് ഗീതാഞ്ജലി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
പൊതുഖജനാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ഭാര്യക്കെതിരെ കടുത്ത നടപടി വേണമെന്ന് ബിജയ് ദത്ത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ ധനസഹായം തട്ടിയെടുക്കാന്‍ മൃതദേഹങ്ങള്‍ക്ക് അവകാശമുന്നയിച്ച് വേറെയും ആളുകള്‍ വരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ച നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൃത്യമായ എംബാം നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ അധികം സൂക്ഷിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. അതുകൊണ്ടുതന്നെ എത്രയും വേഗം ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറാനുളള സര്‍ക്കാര്‍ നീക്കങ്ങളെ ദുരുപയോഗം ചെയ്യുന്നതായാണ് വിവരം.
മരിച്ചയാളുടെ ബന്ധുക്കള്‍ തന്നെയാണോ എത്തുന്നതെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി വേണമെന്ന് ചീഫ് സെക്രട്ടറി പി.കെ ജനെ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപയും റെയില്‍വേ 10 ലക്ഷം രൂപ വീതവുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.