മലപ്പുറം: മുണ്ടപറമ്പില്‍ ആസിഡാക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി ബഷീര്‍ (52) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സുബൈദ (48) യെ പൊലീസ് അറസ്റ്റ് ചെയ്തത്.
സുബൈദയും ഭര്‍ത്താവും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനകത്ത് കടന്ന അജ്ഞാതന്‍ ആസിഡൊഴിച്ചു എന്നാണ് സുബൈദ പൊലീസിനോട് പറഞ്ഞിരുന്നത്. ആക്രമണം നടത്തിയ ആളുടെ മുഖം വ്യക്തമായിരുന്നില്ല എന്നാണ് ആശുപത്രിയില്‍ വെച്ച് ബഷീര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുബൈദ തന്നെയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
സംഭവത്തിന്റെ തലേദിവസം മഞ്ചേരിയിലെ കടയില്‍ നിന്ന് സുബൈദ നേരിട്ടാണ് ആസിഡ് വാങ്ങിയത്. വീട്ടിലെത്തിയ ശേഷം ആസിഡ് നേര്‍പ്പിച്ച് ഒരു പാത്രത്തിലാക്കി അടുക്കളയില്‍ ഒളിപ്പിച്ചു. രാത്രി 11 മണിയോടെയാണ് ബഷീറിന്റെ ദേഹത്ത് ആസിഡൊഴിച്ചത്. 11 മണിക്ക് ആക്രമണമുണ്ടായിട്ടും ബഷീറിനെ രണ്ടു മണിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ സംശയം തോന്നിയ പൊലീസ് സുബൈദയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബഷീറിനെ വാറങ്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുവരുമ്പോള്‍ സുബൈദ ഒഴിഞ്ഞ ആസിഡ് കന്നാസ് ആശുപത്രിയിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കന്നാസ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മഞ്ചേരിയില്‍ സുബൈദ ആസിഡ് വാങ്ങിയ കടക്കാരനും പ്രതിയെ തിരിച്ചറിഞ്ഞു.