ന്യൂഡല്‍ഹി: അനധികൃത പണമിടപാടില്‍ കുറ്റാരോപിതനായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ ഭാര്യ പൂനം ജെയ്‌നിനെ സിബിഐ ചോദ്യം ചെയ്തു. കള്ളപ്പണമിടപാട് ആരോപണത്തില്‍ ജെയ്‌നിന് ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടിയായിരുന്നു ഇന്നലെ മന്ത്രിയുടെ വസതിയിലെത്തി സിബിഐ പൂനത്തെ ചോദ്യം ചെയ്തത്.
2015-16വര്‍ഷ കാലയളവില്‍ പൊതുപ്രവര്‍ത്തകനായിരിക്കെ ചില പ്രൈവറ്റ് കമ്പനികളിലൂടെ 4.63 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് ജെയ്‌നിനെതിരെയുള്ള സിബിഐ ആരോപണം. കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം കള്ളപ്പണം വെളുപ്പിച്ചെന്നോരോപിച്ച് സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
തങ്ങള്‍ക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് അന്വേഷണങ്ങള്‍ക്കു പിന്നിലെന്ന് ആപ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി കേന്ദ്രം സിബിഐയെ കരുവാക്കുകയാണെന്നും അവര്‍ പറഞ്ഞു.