ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും ഭർത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാല്‍ അഴിമതി ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത വിപത്താകുമെന്നും കോടതി നിരീക്ഷിച്ചു.
2017ലാണ് ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചു. തുടർന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യൽ കോടതി ഇവർക്ക് ഒരു വർഷം തടവുശിക്ഷയും വിധിച്ചു. സ്‌പെഷ്യൽ കോടതിയുടെ വിധിയിൽ അപ്പീലുമായാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീൽ തള്ളുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭാര്യക്കുണ്ടെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ എസ്‌ഐയായിരുന്ന ശക്തിവേലിനെയാണ് അഴിമതിക്കേസില്‍ പ്രതിയാക്കിയത്. ഇയാള്‍ ഏഴ് ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.