കര്‍ണാടക: വിവാഹമോചന കേസില്‍ ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഭാര്യ ഫീബയാണ് കാരണക്കാരി എന്ന് വിശദീകരിക്കുന്ന ആത്മഹത്യകുറിപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. പിന്നാലെ, സഹോദരന്‍ ഈഷയ്യ ഗൊല്ലപ്പള്ളി അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് പേറ്റാരുവും സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ഫീബയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം നിരന്തര വഴക്കിനെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.ഇരുവരുടെയും വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ കോടതിയില്‍ വാദം കേള്‍ക്കുകയും ഫീബ 20 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെടുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതാണ് പേറ്റാരുവിന്റെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
ആത്മഹത്യക്കുറിപ്പില്‍, പേറ്റാരു പിതാവിനോട് ക്ഷമാപണം നടത്തുകയും മാതാപിതാക്കളെ പരിപാലിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പീഡനം മൂലമാണ് താന്‍ മരിച്ചതെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.