പട്‌ന: ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ കിണര്‍ വെള്ളത്തില്‍ വലിയ അളവില്‍ യുറേനിയം സാന്നിധ്യം കണ്ടെത്തിയതില്‍ ആശങ്കയോടെ ആരോഗ്യ വകുപ്പ് അധികൃതര്‍. ഇതേതുടര്‍ന്ന് 10 ജില്ലകളിലെ നൂറിടങ്ങളില്‍ നിന്നായി ശേഖരിച്ച കുടിവെള്ള സാമ്പിളുകള്‍ ലക്‌നോ സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിന്റെ ലാബിലേക്ക് വിദഗ്ധ പരിശോധനക്ക് അയച്ചു.
ചിലയിടങ്ങളില്‍ കുടിവെള്ളത്തില്‍ കുറഞ്ഞ അളവില്‍ യുറേനിയം സാന്നിധ്യം കണ്ടെത്താറുണ്ട്. എന്നാല്‍ ഇത്ര കൂടിയ അളവിലും ഇത്ര വ്യാപകമായും യൂറേനിയം സാന്നിധ്യം അനുഭവപ്പെടുന്നത് ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ട്. പൊതുജനാരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയാണ് ഇത് സൃഷ്ടിക്കുന്നതെന്ന് സി.ജി.ഡബ്ല്യു,ബി മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഡരക്ടര്‍ താക്കൂര്‍ ബ്രഹ്മാനന്ദ് സിങ് പറഞ്ഞു. നളന്ദ, നവാദ, ഖൈത്താര്‍, മധേപുര, വൈശാലി, സുപോള്‍, ഒറംഗാബാദ്, ഗയ, സരണ്‍, ജെഹ്നാബാദ് എന്നീ ജില്ലകളില്‍ നിന്നാണ് കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ചിരിക്കുന്നത്. പരിശോധനാ ഫലം ലഭിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് ബഹ്മാനന്ദ് സിങ് കൂട്ടിച്ചേര്‍ത്തു.