ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.
‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.
വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.
ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.