X

ഉന്നതവിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുന്നതെന്തിന്

അഡ്വ. കെ.കെ സൈതലവി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി അനുഭവപ്പെടുന്ന സ്തംഭനാവസ്ഥയുടെ ഗൗരവം പലരും ഉള്‍ക്കൊണ്ടിട്ടില്ല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ 09.06.2022 ലെ ബി.2/177/2020/ഉ.വി.വകുപ്പ് സര്‍ക്കുലര്‍ പ്രകാരമാണ് കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നടത്തിവന്നിരുന്ന വിദൂര വിദ്യാഭ്യാസ പഠനരീതിയും പ്രൈവറ്റ് രജിസ്‌ട്രേഷനും തടഞ്ഞിട്ടുള്ളത്. പുതുതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസ പഠനരീതിയിലൂടെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുവാനുള്ള യു.ജി.സിയുടെ അനുമതി ലഭിക്കുന്നത് വരെയാണ് മറ്റു സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ പഠനരീതി /പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എന്നി രീതിയിലുള്ള പ്രവേശനം നടത്തുന്നത് തടഞ്ഞിരിക്കുന്നത്.

സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവയുടെ അധികാരത്തെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയന്ത്രിക്കാന്‍ പരിമിതിയുണ്ട്. വിവിധ ഫാക്കല്‍റ്റികള്‍, അക്കാദമിക് കൗണ്‍സില്‍, സെനറ്റ്, സിന്‍ഡിക്കേറ്റ്, വൈസ്ചാന്‍സിലര്‍ എന്നിവരില്‍ അര്‍പ്പിതമാണ് സര്‍വകലാശാലകളുടെ അധികാരങ്ങളും നിയന്ത്രണങ്ങളും. ഇവയുടെയൊക്കെ മുകളിലായി സര്‍വകലാശാലകളെ നിയന്ത്രിക്കുന്നതും അവക്ക് ഗ്രാന്റ് നല്‍കുന്നതും കേന്ദ്ര നിയമപ്രകാരം മുഴുവന്‍ നിയന്ത്രണങ്ങളുമുള്ള യു.ജി.സിയാണ്. 2021-22 വര്‍ഷത്തില്‍ കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് മാത്രമാണ് വിദൂര വിദ്യാഭ്യാസ പദ്ധതി മുഖേന ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ നടത്താനുള്ള അനുമതി അഞ്ച് വര്‍ഷത്തേക്ക് നല്‍കിയിട്ടുള്ളത്. യു.ജി.സി.യുടെ സര്‍ക്കുലര്‍ പ്രകാരം കാലിക്കറ്റ് സര്‍വകലാശാലക്ക് 12 ബിരുദ കോഴ്‌സുകളും 12 ബിരുദാനന്തര കോഴ്‌സുകളും നടത്താനും കേരള സര്‍വകലാശാലക്ക് 10 ബിരുദ കോഴ്‌സുകളും 10 ബിരുദാനന്തര കോഴ്‌സുകളും നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് ഈ അനുമതി ഇല്ല. അവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന കോഴ്‌സുകള്‍ നടത്താനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഈ അനുമതി പ്രകാരം കോഴ്‌സുകള്‍ നടത്തുന്ന സര്‍വകലാശാലകളെ തടഞ്ഞിരിക്കുകയാണ്. യൂണിവേഴ്‌സിറ്റ് ഗ്രാന്റ്കമ്മീഷന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിലും അഞ്ച് വര്‍ഷത്തേക്ക് അനുവദിച്ച കോഴ്‌സുകള്‍ നടത്താനുളള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മൂലം തടഞ്ഞിരിക്കുന്നത്. നിയമപ്രകാരം ഇത് തടയാന്‍ സര്‍ക്കാറിന് അധികാരമില്ല. പക്ഷെ സര്‍വകലാശാലകളുടെ ഉത്തരവാദപ്പെട്ട സമിതികള്‍ ഈ സര്‍ക്കുലര്‍ മറികടന്ന് കോഴ്‌സുകള്‍ നടത്തുന്നതിന് ധൈര്യവും കാണിക്കുന്നില്ല.

കേരളത്തിലെ റഗുലര്‍ കോളജുകളിലെ മൊത്തം വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസ പഠനം വഴിയും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴിയും ഉന്നത വിദ്യാഭ്യാസം നടത്തുന്നവരാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയെയാണ്. ഏകദേശം വര്‍ഷത്തില്‍ 50,000ത്തിലധികം വിദ്യാര്‍ഥികളാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഈ രീതിയില്‍ ഉന്നത വിദ്യാഭ്യാസം തേടുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ സര്‍വകലാശാലകള്‍ക്ക് വരുമാനം ലഭിക്കുന്നത്. ഇത് ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നത് മൂലം കാലിക്കറ്റ് പോലുള്ള സര്‍വകലാശാലകളെ ആശ്രയിക്കുന്നതും, വിദ്യഭ്യാസപരമായി ഇപ്പോഴും വളരെ പിന്നില്‍ നില്‍ക്കുന്നതുമായ മലബാര്‍ പോലുള്ള പ്രദേശത്തെ വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ സാധ്യതകളാണ് അടയുന്നത്. കേരളത്തില്‍ നാലു സര്‍വകലാശലയിലുമായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും വിദൂര വിദ്യാഭ്യാസ പഠനരീതിയിലൂടെ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. ഈയിടെയായി വിദൂര വിദ്യാഭ്യാസ പഠനരീതി വഴിയും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴിയും നേടുന്ന ബിരുദ-ബിരുദാനന്തര യോഗ്യതകള്‍ റഗുലര്‍ ബിരുദ-ബിരുദാനന്തര യോഗ്യതകള്‍ തുല്യമായി യു.ജി.സി അംഗീകരിച്ചിട്ടുള്ളതുമാണ്.

പുതുതായി രൂപീകൃതമായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇപ്പോഴും അതിന്റെ ശൈശവ ദശയിലാണ്. അവിടെ കോഴ്‌സ് നടത്താന്‍ ഇതുവരെ യു.ജി.സി. അനുമതി നല്‍കിയിട്ടില്ല. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളും നടത്തിയിരുന്ന വിദൂര വിദ്യാഭ്യാസ പഠന രീതിയും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പഠന രീതിയും ഒന്നിച്ചേറ്റെടുത്ത് ഒരു ലക്ഷത്തിലേറെ വരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും അവരെ പഠിപ്പിക്കാനും അവര്‍ക്ക് പരീക്ഷ എഴുതാനും മറ്റ് സര്‍വകലാശാലകളെ പോലെയുള്ള ഭൗതിക സൗകര്യങ്ങളുമില്ല. അക്കാദമിക് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളോ, എല്ലാ വിഷയങ്ങള്‍ക്കുമുള്ള അധ്യാപക-അധ്യാപകേതര ജീവനക്കാരും ഫാക്കല്‍റ്റികളും ആയിട്ടില്ല. നടത്താന്‍ ഉദ്ദേശിക്കുന്ന കോഴ്‌സുകളെ യു.ജി.സി. അംഗീകരിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ഈ ശൈശവ ദശയിലുള്ള ഒരു യൂണിവേഴ്‌സിറ്റിക്ക് ഇത്രയധികം കോഴ്‌സുകള്‍ നടത്താന്‍ അനുമതി ലഭിച്ചാലും വിദ്യാര്‍ഥികള്‍ ഈ സര്‍വകലാശാലയെ ആശ്രയിക്കണമെന്നില്ല.

നിലവില്‍ കാലിക്കറ്റ് അടക്കമുള്ള സര്‍വകലാശാലകളുടെ ഫീസ് നിരക്കിന്റെ ഏകദേശം മൂന്നിരട്ടിയാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല പഠനത്തിന് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനേക്കാള്‍ കുറഞ്ഞ ഫീസ് ഈടാക്കി കേരളത്തിന് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ വിദൂരവിദ്യാഭ്യാസ പഠനരീതിയിലൂടെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നുമുണ്ട്.
ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല വന്നപ്പോള്‍ രാജ്യത്തെ മറ്റ് സര്‍വകലാശാലകളിലുള്ള പ്രൈവറ്റ് രജിസ്‌ട്രേഷനോ, വിദൂര വിദ്യാഭ്യാസ പഠനമോ നിര്‍ത്തിയിട്ടില്ല. കേരളത്തില്‍ സംസ്‌കൃത സര്‍വകലാശാലയും മലയാളം സര്‍വകലാശാലയും വന്നപ്പോഴും കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലോ കോളജുകളിലോ നിലവിലുണ്ടായിരുന്ന സംസ്‌കൃതം, മലയാളം എന്നിവയുടെ പഠനം നിര്‍ത്തിയിട്ടുമില്ല. എന്നാല്‍ കേരളത്തില്‍ പുതുതായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വന്നപ്പോള്‍ മാത്രം വര്‍ഷങ്ങളായി നിലവിലുള്ളതും യു.ജി.സി.യുടെ അംഗീകാരം നേടിയതും സാമാന്യം കുറഞ്ഞ ഫീസ് ഈടാക്കി സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നടത്തിവന്നിരുന്നതുമായ വിദൂര വിദ്യാഭ്യാസ പഠനരീതിയും പ്രൈവറ്റ് രജിസ്‌ട്രേഷനും എന്തിന് തടയണം?

കേരളത്തിലെ റഗുലര്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍, തൊഴിലിനോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോവുന്നവര്‍, ദൂരദിക്കുകളില്‍ പോയി പഠിക്കാന്‍ കഴിയാത്തവര്‍, സ്വകാര്യ മതസ്ഥാപനങ്ങളിലും യതീംഖാനകളിലും പഠിക്കുന്നവര്‍, തുല്യത പരീക്ഷകളിലൂടെ യോഗ്യത നേടിയവര്‍ തുടങ്ങി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സര്‍വകലാശാലകളുടെ വിദൂര വിദ്യാദ്യാസ പഠനരീതിയെ ആശ്രയിക്കുന്നത്. ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയുടെ കീഴില്‍ ബിരുദബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ മാത്രം ഏകദേശം പതിനായിരത്തിലേറെ പേര്‍ കാലിക്കറ്റ്, കേരള സര്‍വകലാശാലകളിലുണ്ട്. ഇവരുടെയൊക്കെ തുടര്‍ വിദ്യാഭ്യാസ അവസരമാണ് സര്‍ക്കാര്‍ നിഷേധിക്കുന്നത്.

കേരളത്തിന്റെ പുറത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കൂട്ടാനേ ഈ നിയന്ത്രണപദ്ധതി ഉപകരിക്കുകയുള്ളൂ. നമ്മുടെ വിദ്യാര്‍ഥികളുടെ വിദ്യഭ്യാസ പുരോഗതിക്കും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ പുരോഗതിയും ലക്ഷ്യം വെച്ചാണ് വിവിധ സര്‍വകലാശാലകള്‍ നിലവില്‍ വന്നിട്ടുള്ളത്. എന്നാല്‍ അത്തരക്കാര്‍ക്ക് നേരെ സര്‍വകലാശാലകളുടെ വാതിലുകള്‍ കൊട്ടിയടക്കുകയാണിപ്പോള്‍.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് ആരും എതിരല്ല. അത് വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നതിന് പകരം മറ്റ് സര്‍വകലാശാലകളെപോലെയുള്ള പരിഗണനയാണ് ലഭിക്കേണ്ടത്. രാജ്യത്ത് സ്വകാര്യ സര്‍വകലാശാലകളും സ്വകാര്യ കോളജുകളും വ്യവസായ-കച്ചവട സ്ഥാപനങ്ങളെ പോലെ വമ്പന്‍ പരസ്യങ്ങള്‍ നല്‍കി, വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ വര്‍ഷങ്ങളായി നിലവിലുള്ള വിദ്യാഭ്യാസ സൗകര്യവും സ്വാതന്ത്ര്യവും നിഷേധിച്ച് ഇത്തരം സര്‍വകലാശാലകള്‍ക്ക് വിദ്യാര്‍ഥികളെ എറിഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത്.

ശ്രീനാരായണഗുരു സര്‍വ്വകലാശാല നിയമത്തിലെ വിവാദമായ 72-ാം വകുപ്പുമൂലമാണ് മറ്റു സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനരീതിയെ നിര്‍ത്തലാക്കുന്നത്. ഒരു സര്‍വകലാശാലകൂടി പുതുതായി വരുമ്പോള്‍ നിലവിലെ വിദ്യഭ്യാസ സാധ്യതകള്‍ കൂടുകയാണ് വേണ്ടത് കുറക്കുകയല്ല.

Test User: