X
    Categories: CultureNewsViews

രാഹുല്‍ ഗാന്ധി എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ കാത്തിരിപ്പിനുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം പുറത്തു വന്നു. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നേരത്തെ നിശ്ചയിക്കപ്പെട്ട ടി സിദ്ധീഖിനെ മാറ്റി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.
ബിജെപിക്കെതിരെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടതെന്നും, ഇടതുപക്ഷത്തിനെതിരെയല്ലെന്നുമായിരുന്നു ഇടത് നേതാക്കളുടെ പ്രതികരണം. എന്‍സിപിയേയും, ശരത് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളേയും രാഹുലിനെ പിന്‍മാറ്റാനായി ഇടത് നേതാക്കള്‍ കണ്ടിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുത് എന്ന നിലപാടായിരുന്നു ഇവര്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനം വൈകി. ഒടുവില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്തി. അമേത്തിയോടൊപ്പം വയനാട്ടിലും രാഹുല്‍ മത്സരിക്കും.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും കരുത്തനായ നേതാവ് തന്നെ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെയും യു.ഡി.എഫ് മുന്നണിയുടേയും മുഖ്യ എതിരാളിയായ ഇടതുപക്ഷത്തിന് തന്ത്രങ്ങള്‍ പലതും മാറ്റിപ്പണിയേണ്ടി വരും. ബിജെപിയാകട്ടെ രാഹുലിന്റെ വരവോടെ ഇനിയെന്ത് എന്ന അന്ധാളിപ്പിലേക്ക് ഇപ്പോഴേ വീണു കഴിഞ്ഞു.
വടക്കേ ഇന്ത്യയില്‍ പ്രിയങ്കയും തെക്കേ ഇന്ത്യയില്‍ രാഹുലും പിടിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റേയും സഖ്യ കക്ഷികളുടേയും കണക്ക് കൂട്ടല്‍. ഇത് തന്നെയാണ് ബി.ജെ.പി രാഹുലിന്റെ രണ്ടാം മണ്ഡലത്തിനെതിരെ ആരോപണമുയര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരവും. സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്ക് കേരളത്തിന് പുറത്ത് നിന്നും കാര്യമായ നേട്ടമുണ്ടാവില്ലെന്ന തിരിച്ചറിവാണ് രാഹുലിനെ ഏത് വിധേനയും എതിര്‍ത്ത് കിട്ടാവുന്ന വോട്ടുകള്‍ സമാഹരിക്കുക എന്ന നിലപാടിലേക്ക് തള്ളി വിടുന്നത്.

പ്രേരകമായ പ്രധാന ഘടകങ്ങള്‍
. വടക്കേ ഇന്ത്യയോടൊപ്പം തെക്കേ ഇന്ത്യയിലും മത്സരിക്കുന്നത് പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്ന നിലയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനും, ഘടകകക്ഷികള്‍ക്കും സാധിക്കും. സംഘടന സംവിധാനം തീര്‍ത്തും ദുര്‍ബലമായ ആന്ധ്രയിലും, തെലങ്കാനയിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഒരു സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനം വലിയ അളവില്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്.
. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകത്തില്‍ ജനതാദളും, കോണ്‍ഗ്രസും ചേര്‍ന്ന സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ രാഹുലിന്റെ അയല്‍ മണ്ഡലം കൊണ്ട് കഴിയുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. വയനാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ചാമരാജ് നഗര്‍ മണ്ഡലം ഉള്‍പ്പെടെ പഴയ മൈസൂരു മേഖലയില്‍ രാഹുലിന്റെ വരവ് പാര്‍ട്ടി അണികള്‍ക്കിടയില്‍ പുത്തനുണര്‍വിന് കാരണമാകും. നേരത്തെ കര്‍ണാടകയില്‍ മത്സരിക്കാന്‍ വേണ്ടി പാര്‍ട്ടി സംസ്ഥാന ഘടകം പ്രമേയം വരെ പാസാക്കിയിരുന്നു. സമാന അവസ്ഥയാണ് മറ്റൊരു അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലുമുള്ളത്. രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാവണം എന്ന് അഭിപ്രായപ്പെടുന്ന ഡി.എം.കെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മതേതര വിശാല സഖ്യത്തിലാണ് കോണ്‍ഗ്രസുള്ളത്. സി.പി.എമ്മും സഖ്യത്തിന്റെ ഭാഗമാണ്. വയനാടിനോട് ചേര്‍ന്നു നില്‍ക്കുന്ന നീലഗിരി മണ്ഡലത്തില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി മുന്‍ ടെലികോം മന്ത്രി എ രാജക്ക് രാഹുലിന്റെ വരവ് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനെ പോലെ ഡി.എം.കെയും കണക്കു കൂട്ടുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിലൂടെ ഈ രണ്ട് സംസ്ഥാനങ്ങളിലും സീറ്റുകള്‍ തൂത്തുവാരാന്‍ സഹായിക്കുമെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് കണക്കു കൂട്ടുന്നത്.
. രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് മുഴുവന്‍ സീറ്റുകളിലും ജയിച്ചു കയറാന്‍ സാധ്യത കല്‍പിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ പാര്‍ട്ടി നേതൃത്വം കാണുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടത് കോട്ടകളായി നിലയുറപ്പിച്ച ആറ്റിങ്ങല്‍, ആലത്തൂര്‍, കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്. രാഹുലിന്റെ സാന്നിധ്യം കൊണ്ട് മതേതര വോട്ടുകളും ഒപ്പം നിഷ്പക്ഷ വോട്ടുകളും യു.ഡി.എഫ് പെട്ടിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ഇത് ഇടത് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളെ പോലും കടപുഴക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ കരുതുന്നു. ബിജെപിയും സി.പി.എമ്മും തമ്മില്‍ അന്തര്‍ധാര സജീവമായ തിരുവനന്തപുരം സീറ്റില്‍ ശശി തരൂരിനെ വിജയത്തിലെത്തിക്കാനും രാഹുലിന്റെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
. ബിജെപിക്ക് സ്വാധീനമുള്ള കര്‍ണാടകത്തിലാണ് രാഹുല്‍ മത്സരിക്കേണ്ടത് എന്നാണ് ഇടത് പാര്‍ട്ടികളടക്കമുള്ളവരുടെ പ്രധാന വാദം. എന്നാല്‍ വയനാടിനേക്കാള്‍ വിജയ സാധ്യതയുള്ള ഒരു മണ്ഡലവും കര്‍ണാടകത്തില്‍ ഇല്ല എന്നതും രാഹുല്‍ കേരളത്തിലേക്ക് വരുന്നതിന് ഒരു കാരണമായി. കര്‍ണാടകത്തിലെ ബീദാര്‍ മണ്ഡലത്തേക്കാള്‍ സുരക്ഷിതമാണ് വയനാട് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: