മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ശ്രീലങ്കന്‍ മുന്‍ താരം മഹേള ജയവര്‍ധനയെ അടുത്തിടെ നിയമിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനെ തഴഞ്ഞായിരുന്നു മഹേളക്ക് നറുക്ക് വീണത്. എന്നാല്‍ എന്ത്‌കൊണ്ടാണ് പോണ്ടിങ്ങിനെ തഴഞ്ഞതെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചോദ്യമുയര്‍ന്നിരുന്നു. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ ഓസ്‌ട്രേലിയക്ക് നേടിക്കൊടുത്ത നായകനാണ് പോണ്ടിങ്. നായക പദവിയില്‍ പോണ്ടിങ്ങിനോളം തിളങ്ങിയവര്‍ കുറവാണ്.
എന്നാല്‍ മുംബൈ പരിശീലക സ്ഥാനത്ത് എത്തുമ്പോള്‍ പോണ്ടിങ് വിയര്‍ക്കുന്നതാണ് കണ്ടത്. പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ഇതല്ല കാരണമെന്നാണ് വാര്‍ത്തകള്‍. തകര്‍ച്ചയുടെ പാതയിലുള്ള ഓസ്‌ട്രേലിയയെ പരിശീലിപ്പിക്കാനാണ് പോണ്ടിങ് ഒരുങ്ങുന്നതെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ടി20 ഓസ്‌ട്രേലിയന്‍ ടീമിനെയാണ് പോണ്ടിങ് പരിശീലിപ്പിക്കുക.
രണ്ട് മൂന്നു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വരുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ അധികാരികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം പോണ്ടിങ്ങിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി അദ്ധ്യക്ഷനാക്കാനും ആലോചനയുണ്ട്. രണ്ടിലൊന്ന് തീരുമാനമാകുന്നതിന് വേണ്ടിയാണ് പോണ്ടിങ് മുംബൈ പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പോണ്ടിങ് മുംബൈയെ പരിശീലിപ്പിച്ചിരുന്നത്. മുംബൈ ജഴ്‌സിയില്‍ പാഡണിഞ്ഞിട്ടുമുണ്ട്.