കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് ഇനിയും ഗൗരവമുള്ള ആലോചനകള്‍ ഉണ്ടായിക്കാണുന്നില്ല. ഒറ്റപ്പെട്ട ചര്‍ച്ചകളല്ലാതെ വിദ്യാലയങ്ങള്‍ സജീവമാക്കാന്‍ അധികൃതര്‍ താല്‍പര്യമെടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു. ജീവിതത്തിന്റെ സര്‍വ്വ മേഖലകളും തുറന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും വിദ്യാലയങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ലേ? സൂപ്പര്‍മാര്‍ക്കറ്റുകളും മദ്യശാലകളും തുറന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവസാനമാണ് ചര്‍ച്ചയില്‍ വരുന്നത്. ഓണ്‍ലൈന്‍ ലോകത്ത് മുടന്തിനീങ്ങുന്ന വിദ്യാഭ്യാസത്തെ സജീവമായ ട്രാക്കിലേക്ക് കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോഴും കോവിഡ് വൈറസ് വൈദ്യശാസ്ത്രത്തിന് പിടികൊടുക്കാതെ ഇനിയും ഏറെക്കാലം മനുഷ്യശാരിയെ വേട്ടയാടുമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വിദ്യാലയങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് ഓണ്‍ലൈന്‍ പഠനത്തെമാത്രം ആശ്രയിച്ച് അത്രയും കാലം മുന്നോട്ടുപോകാനാകുമോ? കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ സ്‌കൂളുകള്‍ തുറന്നുകാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നു എന്നത് ശരിയാണ്. പക്ഷേ, വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. പ്രൈമറി തലം മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ വരെ ലഭിച്ചിരിക്കേണ്ട പലതും കുട്ടിക്ക് കിട്ടാതെ പോവുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പാഠഭാഗങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. അതിനപ്പുറം വിദ്യാഭ്യാസത്തിന്റെ വിശാലമായ ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ വിദ്യാലയങ്ങള്‍ തുറക്കുകതന്നെ വേണം. വിദ്യാലയങ്ങളുടെ ധര്‍മ്മം അക്കങ്ങളിലും അക്ഷരങ്ങളിലും മാത്രം പരിമിതമല്ല. അതിനപ്പുറം കുട്ടിയുടെ നൈസര്‍ഗിമായ കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള ഇടംകൂടിയാണത്. ഓണ്‍ലൈന്‍ പഠനത്തില്‍ അത്തരം അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. മഹാമാരിയെ പേടിച്ച് വീടുകളില്‍ തളച്ചിടപ്പെടുന്നതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക ആഘാതങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. വിദ്യാലയത്തിലെ തുറന്ന അന്തരീക്ഷത്തില്‍ കൂട്ടുകൂടാനും സാമൂഹിക പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അവസരം കൈവരുന്നു. അധ്യാപകരോടും സഹപാഠികളോടും സഹവസിച്ച് ആര്‍ജിക്കേണ്ട കഴിവുകള്‍ ലഭിക്കാതെ പോകുന്നത് കുട്ടികളുടെ സാമൂഹിക ജീവിതത്തില്‍ അപരിഹാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
പല സംസ്ഥാനങ്ങളും നിയന്ത്രണവിധേയമായി സ്‌കൂളുകള്‍ തുറന്നുകഴിഞ്ഞു. പക്ഷേ, കേരളം അതേക്കുറിച്ച് ചിന്തിച്ചോ എന്ന കാര്യം തന്നെ സംശയമാണ്. കോവിഡ് വ്യാപന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളില്ലാതെ സ്‌കൂളുകള്‍ തുറക്കാനും ക്ലാസുകള്‍ ആരംഭിക്കാനും കഴിയില്ല. പതിനേഴ് മാസമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞുകിടക്കുകയാണ്. അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരോ ക്ലാസിലും കുട്ടികളുടെ എണ്ണം നിയന്ത്രിക്കേണ്ടിവരും. അതിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതാണ്. കോവിഡിന് മുമ്പ്തന്നെ പല വിദ്യാലയങ്ങളുടെയും അവസ്ഥ ഏറെ ശോചനീയമായിരുന്നു. ക്ലാസ്മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവത്തിനുപോലും സംസ്ഥാനം സാക്ഷിയായിട്ടുണ്ട്. കോവിഡ് ഭീഷണികൂടി ഉള്ളതുകൊണ്ട് പഴയ നിലയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ സാധിക്കില്ലെന്നത് സത്യമാണ്. അധ്യയന വര്‍ഷത്തിന്റെ അവസാന രണ്ട് മാസങ്ങളിലെങ്കിലും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇപ്പോള്‍തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. മാസങ്ങള്‍ നീണ്ട തയാറെടുപ്പുകളും സാമ്പത്തിക ചെലവുകളും അതിനുണ്ടാകും. കുട്ടികളെ അകലം പാലിച്ച് ഇരുത്തുന്നതിന് മെച്ചപ്പെട്ട ഇരിപ്പിടങ്ങള്‍ ആവശ്യമാണ്. ഒരു ബെഞ്ചില്‍ എട്ടും പത്തും കുട്ടികളെ കുത്തിയിരുത്തി ശീലിച്ച വിദ്യാഭ്യാസ വകുപ്പിന് മുഖഛായ മാറ്റിയെടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ആധുനികമായ മാറ്റങ്ങളോട് സര്‍ക്കാര്‍ മുഖംതിരിച്ചുനിന്നതുകൊണ്ടാണ് ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ നമുക്ക് സാധിക്കാത്തത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളായി അവശേഷിക്കുന്നു.
ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളില്‍ എത്രയും പെട്ടെന്ന് നിയമനം നടത്തേണ്ടതുമുണ്ട്. കോവിഡിന്റെ മറവില്‍ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് സര്‍ക്കാര്‍ നിയമനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുവഴി കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കണ്ടിട്ടില്ല. സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമ്പോള്‍ അധ്യാപക-അനധ്യാപക ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെടും. കോവിഡിന് ശേഷം തളര്‍ന്നുകിടക്കുന്ന വിദ്യാഭ്യാസ മേഖലയെ ഉത്തേജിപ്പിക്കുകയെന്നത് അത്ര എളുപ്പമല്ല. ഉടച്ചുവാര്‍ക്കല്‍ തന്നെ ആവശ്യമാണ്. അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ പരിഷ്‌ക്കരിക്കുന്നതോടൊപ്പം അധ്യാപനരംഗത്തും പുതിയ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കോവിഡിന്റെ ആവിര്‍ഭാവത്തോടെ വിദ്യാഭ്യാസ മേഖലയില്‍ ചില അത്യാധുനിക മാറ്റങ്ങള്‍കൂടി അറിയാതെ സംഭവിച്ചുവെന്ന് പറയാം. ഡിജിറ്റല്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് സ്വയം മാറാന്‍ സമൂഹം നിര്‍ബന്ധിതമായിട്ടുണ്ട്. ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രവചിച്ചുകൊണ്ടിരുന്ന ഡിജിറ്റല്‍ ക്രമത്തിലേക്ക് കോവിഡ് നമ്മെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. എല്ലാവര്‍ക്കും അതിലേക്ക് ഓടിയെത്താന്‍ സാധിച്ചില്ലെങ്കിലും ഗുണപരമായ ഒരു സാങ്കേതിക കുതിച്ചു ചാട്ടം അതിലൂടെ സാധ്യമായിട്ടുണ്ട്. പുത്തന്‍ സാങ്കേതിക ജ്ഞാനം കൈവരിച്ചതോടൊപ്പം പഠനകാര്യങ്ങളില്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്കാളിത്തം സജീവമായിട്ടുണ്ട്. രക്ഷിതാക്കള്‍ അധ്യാപകരുടെ റോളിലേക്ക് മാറി.
പരമ്പരാഗത ക്ലാസ് മുറികളില്‍നിന്ന് വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുമെന്നതാണ് ഓണ്‍ലൈന്‍ ക്ലാസ് മുറിയുടെ പ്രത്യേകത. സ്‌കൂളുകള്‍ തുറന്നാലും ഡിജിറ്റല്‍ സംവിധാനത്തില്‍നിന്ന് വഴിമാറി നടക്കരുത്. മികച്ച ഓണ്‍ലൈന്‍ അധ്യാപനം ക്ലാസ് മുറികളിലേക്കുകൂടി കൊണ്ടുവരുന്നതിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാം. ക്ലാസ് മുറിയുടെ അതിരുകള്‍ക്കപ്പുറം അറിവിന്റെ ചക്രവാളം വിശാലമാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്താന്‍ അത് ഉപകരിക്കും. വിദ്യാഭ്യാസ വകുപ്പ് അല്‍പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമവും ഫലപ്രദമാവുമാക്കാമായിരുന്നു. പക്ഷേ, ഒട്ടും ആസൂത്രണമില്ലാതെ ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്തത്. പരമ്പരാഗത ശൈലിയില്‍നിന്ന് ഉണരാന്‍ വിദ്യാഭ്യാസവകുപ്പു പോലും മടികാട്ടിയതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ കേരളത്തിലെ കുട്ടികള്‍ അനുഭവിക്കുന്നത്. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഒരുതരം മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ താഴെ തട്ടിലേക്ക് നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച ഫലപ്രാപ്തി ഉണ്ടായില്ലെന്നത് ഖേദകരമാണ്. നിയന്ത്രണവിധേയമായി വിദ്യാലയങ്ങള്‍ തുറക്കാനും ആധുനിക മാറ്റങ്ങളിലേക്ക് വിദ്യാഭ്യാസത്തെ കൈപിടിച്ചുയര്‍ത്താനും സമയമായിരിക്കുന്നു.