X
    Categories: indiaNews

മോദിയുടെ 8000 കോടിയുടെ വിമാനം കാണില്ല; കര്‍ഷക റാലിയിലെ കുഷ്യന്‍ കാണും-ബിജെപിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ചണ്ടീഗഢ്: കര്‍ഷക റാലിക്കിടെ ട്രാക്ടറില്‍ കുഷ്യന്‍ ഉപയോഗിച്ചെന്ന ബി.ജെ.പി. നേതാക്കളുടെ വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്‍ കര്‍ഷക റാലിയിലെ കുഷ്യന്‍ കാണുമെന്നുമായിരുന്നു രാഹുലിന്റെ തിരിച്ചടി.

നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച രാഹുല്‍, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.

ട്രാക്ടറിൽ കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവ‍ര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വൻ തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ പറഞ്ഞു.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കവേ്, ട്രാക്ടറില്‍ ഇരിക്കാന്‍ രാഹുല്‍ കുഷ്യന്‍ ഉപയോഗിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബില്‍നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം വാര്‍ത്താസമ്മേളനം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അതേസമയം, രാജ്യത്തെ കാര്‍ഷികമേഖലയുടെ നിലവിലെ ഘടനയെ തകര്‍ക്കുന്ന, ഹരിയാണയെയും പഞ്ചാബിനെയും ഗുരുതരമായി ബാധിക്കുന്ന കരിനിയമങ്ങളാണ് മോദി സര്‍ക്കാര്‍ മൂന്ന് ബില്ലുകളിലൂടെ നടപ്പാക്കിയതെന്നും ഇതിനെതിരായാണ് ഈ ഖേതി ബച്ചാവോ യാത്രയെന്നും രാഹുല്‍ ഉണര്‍ത്തി. കര്‍ഷക ബില്ലുകള്‍ പാസ്സാക്കുമ്പോള്‍ രാഹുല്‍ എവിടെയായിരുന്നുവെന്ന അകാലിദളിന്റെ ചോദ്യത്തിനും രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി തടഞ്ഞ ഹരിയാന സര്‍ക്കാര്‍ ഒടുവില്‍ റാലിക്ക് അനുമതി നല്‍കി. പഞ്ചാബില്‍ നിന്ന് ആരംഭിച്ച റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞെങ്കിലും പിന്‍മാറാന്‍ തയ്യാറല്ലെന്ന് രരാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഹരിയാന സര്‍ക്കാര്‍ മുട്ടുമടക്കിയത്. അതിര്‍ത്തി തുറക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ ഹരിയാന സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ഒന്നല്ല 5000 മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ വെല്ലുവിളിച്ചു.

അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുന്നു. അതിര്‍ത്തി തുറക്കുന്നത് വരെ ഞാന്‍ ഇവിടെ കാത്തിരിക്കും. അത് രണ്ട് മണിക്കൂറോ, ആറ് മണിക്കൂറോ, 10 മണിക്കൂറോ, 24 മണിക്കൂറോ, 100 മണിക്കൂറോ, 200 മണിക്കൂറോ, 500 മണിക്കൂറോ, 5000 മണിക്കൂറോ ആവട്ടെ…ഞാന്‍ കാത്തിരിക്കും. അവര്‍ അതിര്‍ത്തി തുറന്നാല്‍ സമാധാനപരമായി ഞാന്‍ യാത്ര തുടരും. അല്ലെങ്കില്‍ സമാധാനപരമായി ഇവിടെ കാത്തിരിക്കും ഞങ്ങള്‍ക്ക് അതില്‍ സന്തോഷംമാത്രമേ ഉള്ളൂ-രാഹുല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷബില്ലിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ബാരിക്കേഡുകള്‍ ഉയര്‍ത്തിയാണ് ഹരിയാന പൊലീസ് റാലി തടഞ്ഞത്. ബാരിക്കേഡുകളില്‍ കൊടികെട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഹരിയാനയില്‍ രണ്ട് റാലികളെ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്ത് സംസാരിക്കും.

 

chandrika: