കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലെ കള്ളപ്പണ ഇടപാടു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ചോദ്യങ്ങളുമായി കോടതി. എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ പോലും സ്വതന്ത്രരായി നടക്കുന്നുവെന്നും പിഎംഎല്‍എ കോടതി വിമര്‍ശിച്ചു.
സിപിഎം നേതാവ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. എന്തുകൊണ്ടാണ് മറ്റു പ്രതികളുടെ അറസ്റ്റ് ഉണ്ടാവാത്തത് എന്നാണ് കോടതി മുഖ്യമായി പ്രോസിക്യൂഷനോട് ചോദിച്ചത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ പോലും പുറത്ത് സ്വതന്ത്രമായി നടക്കുന്നതായും കോടതി വിമര്‍ശിച്ചു. പ്രതിഭാഗം മുഖ്യമായി ഉന്നയിക്കുന്ന ആരോപണങ്ങളാണിവ. അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് അരവിന്ദാക്ഷന്റെ അറസ്റ്റ് ഉണ്ടായതെന്നാണ് ഇഡിയുടെ വിശദീകരണം. മറ്റു പ്രതികള്‍ അന്വേഷണവുമായി സഹകരിച്ചതിനാലാണ് അറസ്റ്റ് ഉണ്ടാവാതിരുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.