ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്‌ലിം പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്.
സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ്‌ലിംകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുണ്ടെന്നാണ് ഭട്ട് ഉന്നയിച്ച ചോദ്യം. ട്വീറ്റിലൂടെയായിരുന്നു മുന്‍ ഐ.പി.എസ് ഓഫീസര്‍ ക്രിക്കറ്റ് ടീമിലെ മത അനുപാതത്തെ സംബന്ധിച്ച സംശയം ഉന്നയിച്ചത്.
“സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ് ലിംകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ടീമില്‍ എത്ര മുസ് ലിംകളുണ്ട്. മുസ് ലിംകള്‍ ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിച്ചോ. അല്ലെങ്കില്‍ സെലക്ടര്‍മാര്‍ ക്രിക്കറ്റ് കളിക്കാരെ തെരഞ്ഞെടുക്കുന്നത് വേറെ കളിയുടെ നിയമപ്രകാരമാണോ”, സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തു.
അതേസമയം, മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രംഗത്തെത്തി. ക്രിക്കറ്റില്‍ മതത്തിന് പ്രാധാന്യമില്ലെന്നായിരുന്നു, ട്വിറ്ററിലൂടെ തന്നെ ഭാജിയുടെ മറുപടി.
“ഇന്ത്യന്‍ ക്രിക്കറ്റില്‍ മതത്തിന് പ്രാധാന്യമില്ല. ദേശീയ ടീമില്‍ ഒരാള്‍ കളിക്കുന്നത് ഇന്ത്യക്കാരന്‍ എന്ന പേരിലാണ്. ജാതിയും വര്‍ണ്ണവും നോക്കിയല്ല സെലക്ഷനെന്നും”, ഹര്‍ഭജന്‍ ട്വീറ്ററില്‍ കുറിച്ചു.
അതേസമയം, ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കും ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തിനുമായി കഴിഞ്ഞ ദിവസം നിലവില്‍ വന്ന ഇന്ത്യന്‍ ടീമില്‍ രണ്ട് മുസ്‌ലിം അംഗങ്ങളുണ്ട്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടീം നിലവില്‍ വരുന്നതിന് മുന്നേയായിരുന്നു സഞ്ജീവ് ഭട്ട് വിഷയത്തില്‍ ട്വീറ്റ് നടത്തിയത്.