X

പാളയത്തില്‍ പട; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്ത് ജെ.ഡി.യു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളുമായി നിതീഷ് കുമാര്‍ പക്ഷ ജെ.ഡി.യു നേതാവ് പവന്‍ വര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്രമോദി പട്‌നയിലെത്തി നിതീഷുമൊത്ത് വേദി പങ്കിടുകയും വാനോളം പുകഴ്ത്തുകയും ചെയ്ത് മടങ്ങി രണ്ടു ദിവസത്തിനുള്ളിലാണ് പവന്‍ വര്‍മ്മയുടെ വിമര്‍ശനം. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് നീട്ടിക്കൊണ്ടുപോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെയാണ് പവന്‍ വര്‍മ്മ ട്വിറ്ററിലൂടെ രംഗത്തെത്തിയത്. പട്ടിണി നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വര്‍മ്മ കുറ്റപ്പെടുത്തി. അടുത്തിടെ പുറത്തുവന്ന ലോക പട്ടിണി സൂചിക പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍നിന്ന് വിരമിച്ചാണ് വര്‍മ്മ ജെ.ഡി.യുവില്‍ ചേര്‍ന്നത്. ബി.ജെ.പി ബന്ധത്തെച്ചൊല്ലി ശരത് യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പിളര്‍പ്പിലേക്ക് നീങ്ങിയപ്പോള്‍ നിതീഷ് കുമാറിനൊപ്പം ഉറച്ചുനിന്ന നേതാവ് കൂടിയാണ് അദ്ദേഹം.തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായാല്‍ മാത്രം പോര, നിഷ്പക്ഷമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. എന്തുകൊണ്ടാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നത്. വിശ്വസനീയമായ മറുപടി ആവശ്യമാണ്- വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

മോദിയുടെ മുന്‍നിശ്ചയിച്ച ഗുജറാത്ത് പര്യടനത്തില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് തടസ്സം വരാതിരിക്കാനാണ് കമ്മീഷന്‍ നടപടിയെന്ന വിമര്‍ശനം ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പിന്നീട് മാധ്യമങ്ങളോട് ഫോണില്‍ സംസാരിച്ചപ്പോഴും വര്‍മ്മ ഇത് ശരിവെച്ചു. മുന്നണിക്കുള്ളിലോ പാര്‍ട്ടിക്കുള്ളിലോ പ്രശ്‌നങ്ങളുണ്ടായിട്ടല്ല താന്‍ ഇത് പറഞ്ഞത്. ബി.ജെ.പിക്കെതിരായ ആക്രമണവുമല്ല. സഖ്യം നിലനില്‍ക്കുമ്പോഴും ജെ.ഡി.യു അതിന്റെ ഭാഗമാകുമ്പോഴും പാര്‍ട്ടിക്ക് സ്വന്തം ആശയങ്ങളും നിലപാടുകളും ഉണ്ട്. ചില ചോദ്യങ്ങള്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ചോദിക്കേണ്ടതുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട് എന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നത് – അദ്ദേഹം പറഞ്ഞു.

chandrika: