ന്യൂഡല്‍ഹി: അതിജീവിക്കാന്‍ ശക്തിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാതെ മോദി സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച എന്‍.ഡി.എ വിടുന്നതായി പ്രഖ്യാപിച്ച ടി.ഡി.പിയും അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി കക്ഷികള്‍ക്ക് അത്രയും അംഗങ്ങളില്ലാത്തതിനാല്‍ അവിശ്വാസപ്രമേയം നോട്ടീസില്‍ അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്.
പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, ആര്‍.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ സഖ്യം അവിശ്വാസപ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തി. അവിചാരിതമായുണ്ടായ പ്രതിപക്ഷ ഐക്യനിരക്ക് മുന്നില്‍ പതറിയ സര്‍ക്കാര്‍ വെള്ളിയാഴ്ച ബഹളം നിര്‍ത്താതെ പ്രമേയം ചര്‍ച്ചക്കെടുക്കില്ലെന്ന ന്യായം പറഞ്ഞ് സഭാനടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച പ്രമേയത്തെ പിന്തുണക്കുമെന്ന് പറഞ്ഞിരുന്ന അണ്ണാ ഡി.എം.കെ നിലപാട് മാറ്റുന്നതാണ് പിന്നീട് കണ്ടത്. അവിശ്വാസപ്രമേയം ആന്ധ്രാപ്രദേശിന്റെ മാത്രം പ്രശ്‌നവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ ഒ.പനീര്‍ശെല്‍വം അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. തിങ്കളാഴ്ച സഭ സമ്മേളിച്ചപ്പോള്‍ കാവേരി നദീജലപ്രശ്‌നമുയര്‍ത്തി അണ്ണാ ഡി.എം.കെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. തെലുങ്കാനയില്‍ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ടി.ആര്‍.എസ് അംഗങ്ങളും നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സ്പീക്കര്‍ ബഹളമെന്ന പഴയ കാരണം തന്നെ പൊടിതട്ടിയെടുത്ത് സഭാ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
അവിശ്വാസപ്രമേയത്തെ ഭയമില്ലെന്നും ജയിക്കാന്‍ സര്‍ക്കാറിന് കരുത്തുണ്ടെന്നുമാണ് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പ്രമേയം ചര്‍ച്ചക്കെടുക്കാതിരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഭൂരിപക്ഷം ഉറപ്പാക്കുമ്പോള്‍ തന്നെ സര്‍ക്കാറിനെതിരെ സഭയില്‍ ഉയരുന്ന എതിര്‍പ്പിന്റെ ശക്തി വര്‍ധിച്ചുവെന്ന സത്യം ജനങ്ങള്‍ തിരിച്ചറിയുന്നതിനെ മോദി ഭയക്കുന്നുണ്ട്. നിലവില്‍ അകാലിദള്‍, ജെ.ഡി.യു എന്നിവര്‍ മാത്രമാണ് മോദിയെ പിന്തുണക്കുന്ന പ്രധാന പാര്‍ട്ടികള്‍. ഇതില്‍ ജെ.ഡി.യു അവിശ്വാസപ്രമേയം വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. പ്രമേയത്തില്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ മുഖച്ഛായ മാറ്റുമെന്നതടക്കം വാഗ്ദാനങ്ങളുടെ പെരുമഴയുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ സ്വന്തം ഘടകക്ഷികളെ തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. കൊട്ടിഘോഷിക്കപ്പെട്ട മോദി ഫാക്ടര്‍ ഇല്ലാതായിരിക്കുന്നു. ഭൂരിപക്ഷം നിലനിര്‍ത്തുമ്പോഴും അധികാരത്തില്‍ വന്നതിനെക്കാള്‍ ദുര്‍ബലമാണ് നിലവില്‍ എന്‍.ഡി.എയുടെ അവസ്ഥയെന്ന് അവിശ്വാസപ്രമേയം തെളിയിക്കും. അടുത്തമാസം നടക്കുന്ന കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ സന്ദേശം തങ്ങള്‍ക്കെതിരായി വരുമെന്ന് ബോധ്യം മോദിക്കും അമിത് ഷാക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് ജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടുണ്ട് അവിശ്വാസപ്രമേയം മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഉറക്കം കെടുത്തുന്നത്.