X

എന്തുകൊണ്ട് ഇത്തവണയും കര്‍ണാടകയിലെ മുസ്‌ലിംകള്‍ കോണ്‍ഗ്രസിനൊപ്പം?

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങളേയുള്ളൂ. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും ഭരണം പിടിക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ കനത്ത പ്രചാരണങ്ങളുമായി ബി.ജെ.പിയും കര്‍ണ്ണാടകയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മുന്‍തൂക്കം കോണ്‍ഗ്രസിനാണെങ്കിലും ഒന്നും പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിപ്പോഴും കര്‍ണാടകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ബി.ജെ.പി ഭരണത്തിലുള്ള ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പശുസംരക്ഷകരുടെ പേരും പറഞ്ഞ് അരങ്ങേറുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കര്‍ണ്ണാടകയിലും ആവര്‍ത്തിക്കരുതെന്ന മുന്‍ കരുതലാണ് കര്‍ണാടകയിലെ മുസ്‌ലിംകളെ ഇത്തവണയും കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ക്കും ദളിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നേരെ നിരന്തരം അക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. വര്‍ഗ്ഗീയ ലഹളകളില്‍ നിന്ന് അത്രയധികം അകലെയൊന്നുമല്ലെങ്കിലും മറ്റു ബി.ജെ.പി സംസ്ഥാനങ്ങളില്‍ നിന്നും ഭേദമാണ് കര്‍ണാടക. 2017 മാര്‍ച്ചിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കര്‍ണാടകയില്‍ 100 വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 195 കേസുകളും രാജസ്ഥാനില്‍ 91 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബീഹാര്‍-85, മധ്യപ്രദേശ്-60 എന്നിങ്ങനെയാണ് കണക്കുകള്‍.

കര്‍ണാടക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബാംഗളൂരുവിലുള്ള ഡെന്റിസ്റ്റ് കൗസര്‍ ഫാത്തിമ പറയുന്നത്. മുസ്‌ലിംകള്‍ എല്ലാ സമയത്തും സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഫാത്തിമ പറയുന്നു. രാജസ്ഥാനും ഉത്തര്‍പ്രദേശും മറ്റു സംസ്ഥാനങ്ങളും വെച്ച് നോക്കുമ്പോള്‍ കര്‍ണാടക കുറച്ചുകൂടി സുരക്ഷിതമാണ്. ഇതുകൊണ്ട് തന്നെ താന്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്‌ലിംകള്‍ക്ക് വേണ്ടിയും അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുന്നവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2011-ലെ സെന്‍സസ് അനുസരിച്ച് കര്‍ണാടക ജനസംഖ്യയുടെ 13ശതമാനം മുസ്‌ലിംകളാണ്. ബംഗളൂരു, ദക്ഷിണ കന്നഡ, നോര്‍ത്ത് കര്‍ണ്ണാടക എന്നിവിടങ്ങളിലാണ് മുസ്‌ലിംകള്‍ കൂടുതലുമുള്ളത്. ബിദാറിലെ 30ശതമാനത്തോളം വരുന്ന മുസ് ലിം ജനത കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകളാണ്. നിലവിലെ 12 മുസ്‌ലിം എം.എല്‍.എമാരില്‍ നാലുപേര്‍ നോര്‍ത്ത് കര്‍ണ്ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരാണ്. 12 ല്‍ പത്തുപേരും കോണ്‍ഗ്രസ്സില്‍ നിന്നും രണ്ടു പേര്‍ ജനതാദള്‍ സെക്യുലറില്‍ നിന്നുമുള്ളവരാണ്. അതേസമയം, കര്‍ണാടകയില്‍ ന്യൂനപക്ഷ ഉന്നമനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിവെച്ച പദ്ധതികളൊന്നും വിജയം കാണാത്തതില്‍ നിരാശരുമാണ് മുസ്‌ലിംകള്‍. മുസ്‌ലിംകള്‍ കോണ്‍ഗ്രസ്സിനൊപ്പമാണെന്നും മതേതര വോട്ടുകള്‍ വിഭജിക്കുകയില്ലെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ 100സീറ്റുകള്‍ നേടുമെന്ന കണക്കുകൂട്ടലിലാണ്. ജെ.ഡി.എസ്സുമായി സഹകരിക്കുന്ന ഇവര്‍ കോണ്‍ഗ്രസ്സിന് പോകുന്ന മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ജെ.ഡി.എസ് സ്ഥാനാര്‍ഥിയുടെ വിജയിക്കാനുള്ള സാധ്യതയും വിശ്വാസ്യതയും മുസ്‌ലിം വോട്ടുകള്‍ക്ക് അനുകൂലമാവുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം, മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാണ് കോണ്‍ഗ്രസ്സിന്റെ മുന്‍കരുതല്‍. 224 സീറ്റുകളില്‍ 17 സ്ഥാനാര്‍ഥികള്‍ മുസ്‌ലിംകളാണ്. 2013-ലെ 18 പേരില്‍ ഒമ്പതുസീറ്റില്‍ വിജയിച്ചത് 50 ശതമാനം മുസ്‌ലിം വോട്ടുകളുടെ ബലത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവസാനഘട്ടത്തില്‍ രണ്ടു മുസ്‌ലിം സ്ഥാനാര്‍ഥിയെകൂടെ കോണ്‍ഗ്രസ് മത്സരരംഗത്തെത്തിച്ചത്.

chandrika: