X

വൈതാളികരുടെ മുന്നില്‍ മുട്ട് വിറക്കുന്നതെന്തിന്- എഡിറ്റോറിയല്‍

ഏതാനും നാളുകളായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് സംസ്ഥാനത്തിന്റെ പ്രബുദ്ധതയെയാകെ കളങ്കപ്പെടുത്തുന്ന പ്രസ്താവനകളും നടപടികളുമാണെന്ന് സമ്മതിക്കാത്തവരുണ്ടാവില്ല. കേവലമൊരു ഉപതിരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്ക് നൂറു സീറ്റ് തികയ്ക്കാന്‍ അവസരമൊരുക്കാനെന്നോണം ചരിത്രത്തിലൊന്നുമില്ലാത്തവിധത്തില്‍ വര്‍ഗീയവാദികളുടെ തേര്‍വാഴ്ചയാണ് കേരളത്തിലിപ്പോള്‍ ദൃശ്യമായിരിക്കുന്നത്. ‘ഹലാല്‍ സ്റ്റിക്കറി’ന്റെ പേരില്‍ കോഴിക്കോട്ട് ചിലര്‍ കേട്ടാലറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തിയെങ്കില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയത് വര്‍ഗീയ പ്രസ്താവനകളായിരുന്നു. ആലപ്പുഴയില്‍ എസ്.ഡി. പി.ഐയുടെ റാലിയില്‍ കണ്ടത് വാളിന്റെ മൂര്‍ച്ചയുള്ള വാക്കുകളായിരുന്നെങ്കില്‍, തിരുവനന്തപുരത്ത് ദുര്‍ഗാവാഹിനിക്കാരായ യുവതികളുടെ പ്രകടനത്തില്‍ കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ വാളുകളും. തൃശൂരില്‍ രാഷ്ട്രപിതാവിനെ അധിക്ഷേപിച്ചുകൊണ്ട് ഹിന്ദു മഹാസഭയുടെ കേന്ദ്ര നേതാവ് പറഞ്ഞത് ഗാന്ധി ഘാതകനെ ബഹുമാനത്തോടെയാണ് കാണുന്നതെന്നാണ്. കോഴിക്കോട് മുതലിങ്ങോട്ടുള്ള ഓരോ സംഭവങ്ങളും അബദ്ധവശാല്‍ സംഭവിച്ചവയല്ലാത്തതിനാല്‍ ശക്തവും കര്‍ശനവുമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും സൈ്വര്യതക്ക് അനിവാര്യമാണെന്നിരിക്കെ, സംസ്ഥാനത്തിന്റെ ക്രമസമാധാനം നിയന്ത്രിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലെന്ന തോന്നലാണ് ജനങ്ങളിലുളവായിരിക്കുന്നത്.

ഏപ്രിലില്‍ ഹിന്ദു മത സമ്മേളന വേദിയില്‍ പി.സി ജോര്‍ജ് നടത്തിയ പ്രസ്താവത്തിനെതിരെ ജാതി മത പരിഗണനകളില്ലാതെ കേരളമൊന്നടങ്കമാണ് രംഗത്തുവന്നത്. സംസ്ഥാന സര്‍ക്കാരാകട്ടെ ജോര്‍ജിന് പൊലീസ് വാഹനത്തിന് പകരം സ്വന്തം വാഹനത്തില്‍ പരിവാരസമേതം സ്വീകരണങ്ങളേറ്റുവാങ്ങി യാത്ര ചെയ്യാന്‍ അനുവദിച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാതെ ജാമ്യം ലഭിക്കാനുള്ള അവസരവും. ഒട്ടും അപ്രതീക്ഷിതമല്ലാതെ ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിയടക്കമുള്ള നേതാക്കള്‍ ജോര്‍ജിനെ പൂമാലയിട്ട് സ്വീകരിക്കുന്നതാണ് കണ്ടത്. ജാമ്യവ്യവസ്ഥ ലംഘിച്ച് പിന്നീട് അതേവാക്കുകള്‍ ജോര്‍ജ് ആവര്‍ത്തിക്കുന്നതാണ് എറണാകുളം വെണ്ണല ക്ഷേത്രോല്‍വസത്തിന്റെ പരിപാടിയില്‍ കണ്ടത്. മെയ് 21ന് ആലപ്പുഴയില്‍ എസ്.ഡി.പി.ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ ബാലന്‍ വിളിച്ചുകൊടുത്ത പ്രകോപനപരമായ ഇതര മത വിദ്വേഷ മുദ്രാവാക്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ല. വൈകിയാണെങ്കിലും കുട്ടിയുടെ പിതാവടക്കം 26 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് മേലില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉപകരിക്കും.

അതേസമയം ഇവിടെ സര്‍ക്കാരും സി.പി.എമ്മും കാട്ടുന്ന ഇരട്ട വിളമ്പ് മൂടിവെക്കാനാകില്ല. ജോര്‍ജിന് രണ്ടാമതും ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കിയത് സര്‍ക്കാര്‍ തന്നെയാണെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ ജോര്‍ജിന് ജാമ്യം നല്‍കുന്നതില്‍ വിരോധമില്ലെന്നാണ് ഗവ. അഭിഭാഷകന്‍ ഹൈക്കോടതിയില്‍ നല്‍കിയ രേഖയില്‍ പറയുന്നത്. ‘പിണറായിക്ക് എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. നാലു ദിവസം ഞാന്‍ മാറിനിന്നപ്പോള്‍ എന്റെ തരിമ്പുപോലും കണ്ടുപിടിക്കാന്‍ സര്‍ക്കാരിനായില്ല. ഇപ്പോള്‍ മുങ്ങിയാല്‍ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് പിടിക്കാന്‍ കഴിയില്ല.’ തൃക്കാക്കരയില്‍ കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കളെ സാക്ഷിനിര്‍ത്തി ജോര്‍ജ് ആക്രോശിക്കുമ്പോള്‍ അതാരുടെ നേര്‍ക്കുള്ള വെല്ലുവിളിയാണ്? സത്യത്തില്‍ ഇത് രാജ്യത്തെ നീതിപീഠത്തോടും റൂള്‍ഓഫ് ലോയോടും ജനാധിപത്യ ഭരണഘടനയോടുമാണ്. നോട്ടീസിന് പുല്ലുവില കല്‍പിക്കാന്‍ പ്രതിക്ക് കഴിയുന്നത് പിണറായിയും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ടുകൊണ്ടാണെന്ന് സംശയിച്ചാലെന്താണ് തെറ്റ്. അപ്പോള്‍തന്നെ പിടിച്ചകത്തിടാത്തതിന് കാരണം ടിയാന്റെ സുഹൃത്താണ് തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ഥി എന്നതല്ലേ? ജോര്‍ജിനെ അംഗീകരിക്കാന്‍ ഒരൊറ്റ ക്രിസ്തീയമത നേതൃത്വവും വന്നില്ലെന്നുമാത്രമല്ല, ജോര്‍ജ് ക്രൈസ്തവരുടെ രക്ഷകനാകേണ്ടെന്നു പറയാന്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ കാണിച്ച ആര്‍ജവം എന്തുകൊണ്ട് സര്‍ക്കാര്‍ കാണുന്നില്ല. ഇല്ലാത്ത ‘നാര്‍ക്കോട്ടിക് ജിഹാദി’നെക്കുറിച്ച് പറഞ്ഞവര്‍ക്കും ‘കൈയും കാലും വെട്ടി പാണക്കാട്ടേക്കയക്കു’മെന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്കും യാതൊരല്ലലുമില്ല. ആരാണ് പിണറായിയുടെ കൈകള്‍ക്ക് വിലങ്ങിട്ടിരിക്കുന്നത്? ഭൂരിപക്ഷ വര്‍ഗീയതയോടുള്ള ഭരണകൂടങ്ങളുടെ സന്ധികളും വിട്ടുവീഴ്ചകളും കീഴടങ്ങലുകളുമാണ് ജനാധിപത്യത്തെ അപഹാസ്യമാക്കുന്നത്. ഇതും പറഞ്ഞാണ് മറ്റുള്ളവര്‍ തീവ്രവാദത്തിലേക്ക് നീങ്ങുന്നതെന്നതും മറക്കരുത്. ഫലത്തില്‍ രണ്ടിനും അന്നമൂട്ടുന്നത് സര്‍ക്കാരുകളും ഭരണപ്പാര്‍ട്ടികളുമാണ്. വര്‍ഗീയവാദികള്‍ക്കെതിരെ അതിശക്തമായ നടപടികളിലൂടെ നാടിനെ രക്ഷിക്കാനുമുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാരും സി.പി.എമ്മും നിര്‍വഹിച്ചേ മതിയാകൂ. അല്ലെങ്കില്‍ നാമാവശേഷമാകുന്നത് ആ പാര്‍ട്ടി മാത്രമായിരിക്കില്ല.

Test User: