X

നൈല്‍ നദീജലം അഞ്ചു രാജ്യങ്ങള്‍ പങ്കിടുമ്പോള്‍ കാവേരിജല തര്‍ക്കം എന്തുക്കൊണ്ട് പരിഹകരിക്കാന്‍ കഴിയുന്നില്ല: പ്രകാശ് രാജ്

ബെലഗാവി: നൈല്‍ നദീജലം അഞ്ചു രാജ്യങ്ങള്‍ പങ്കിടുമ്പോള്‍ രണ്ടു മൂന്നു സംസ്ഥാനങ്ങള്‍ പങ്കിടേണ്ട കാവേരിജലം തര്‍ക്കം എന്തുക്കൊണ്ട് പരിഹകരിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യവുമായി നടന്‍ പ്രകാശ് രാജ്. കാവേരി നദീജല തര്‍ക്കം പരിഹാരമില്ലാത്ത പ്രശ്‌നമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പ്രശ്‌നത്തെ പരിഹരിക്കാതെ നിലനിര്‍ത്തുന്നതും അദ്ദേഹം ആരോപിച്ചു.

‘നൈല്‍ നദീജലം അഞ്ചു രാജ്യങ്ങള്‍ പങ്കിടുമ്പോള്‍ കാവേരി നദീജലം രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കുന്നതിന് ഒരു പരിഹാരം കണ്ടെത്താന്‍ നമുക്കെന്തുകൊണ്ട് സാധിക്കുന്നില്ല?’- പ്രകാശ് രാജ് ചോദിച്ചു. ഈ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും. എന്നാല്‍ പരിഹാരം കണ്ടെത്താനായി ഒരു നീക്കവും എടുക്കുന്നില്ല. ഈ പ്രശ്‌നത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്, അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശ്‌നം പൂര്‍ണമായും മനസ്സിലാക്കാതെ സിനിമാ താരങ്ങള്‍ നടത്തുന്ന പ്രസ്താവനകള്‍ കാര്യമാക്കേണ്ടതില്ലെന്നും പ്രകാശ് രാജ് പ്രതികരിച്ചു. ‘ഈ പ്രസ്താവനകളില്‍ നിന്ന് പ്രയോജനം ലഭിക്കുകയില്ല, സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും കേന്ദ്ര സര്‍ക്കാരുമാണ് പരിഹാരം കണ്ടെത്തേണ്ടത്’, പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.

കാവേരി, മഹാദായീ പുഴകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് വിഷയങ്ങളിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി ‘ജസ്റ്റ് ആസ്‌കിങ് ഫൗണ്‍ഡേഷന്‍’ ഡോക്യുമെന്ററികള്‍ തയ്യാറാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

chandrika: