ന്യൂഡല്‍ഹി: സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയായ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബിഹാറില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ അലയടികള്‍ യു. പിയും മധ്യപ്രദേശും അടക്കം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു തുടങ്ങി. എന്തുകൊണ്ടാണ് അഗ്നിപഥ് പദ്ധതിക്കെതിരെ ഇത്ര വലിയ എതിര്‍പ്പ് ഉയരുന്നത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ മാത്രമല്ല, സൈനിക, പ്രതിരോധ മേഖലകളിലെ വിദഗ്ധര്‍ അടക്കം പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ മുന്നോട്ടു വെക്കുന്ന ആശങ്കകളില്‍ ചിലത് ഇതാണ്.
സായുധ പരിശീലനം
ലഭിച്ച തൊഴിലില്ലാപ്പട
നാലുവര്‍ഷത്തേക്ക് മാത്രമാണ് അഗ്നീവറായി നിയമനം ലഭിക്കുക. അതു കഴിഞ്ഞാല്‍ എക്‌സിറ്റ് പ്ലാന്‍ വഴി പുറത്തു പോകണം. അതായത് നാലു വര്‍ഷം കഴിഞ്ഞാല്‍ തൊഴില്‍ നഷ്ടപ്പെടും. സായുധ പരിശീലനം ലഭിച്ച തൊഴിലില്ലാപ്പട പെരുകുന്നത് പ്രതിസന്ധി സൃഷ്ടിക്കും. തീവ്രവാദ, വിധ്വംസക സംഘങ്ങളിലേക്ക് ഇത്തരക്കാര്‍ എത്തിപ്പെട്ടാല്‍ ഭവിഷ്യത്ത് ഗുരതരമായിരിക്കും. അഗ്നീവറായി സേവനം ചെയ്ത് പുറത്തു പോകുന്നവര്‍ത്ത് തുടര്‍ പഠനത്തിന് പ്ലസ് ടു – തതുല്യത യോഗ്യതയുള്ള സര്‍ട്ടിഫിക്കറ്റോ സ്വയം സംരംഭം തുടങ്ങാന്‍ ബാങ്ക് വായ്പയോ ലഭ്യമാക്കുമെന്നാണ് ഇതിന് കേന്ദ്രം നല്‍കുന്ന വിശദീകരണം.
സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തെ തകര്‍ക്കും
സൈന്യത്തിന്റെ ആധുനിക വല്‍ക്കരണവുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളേയും തകിടം മറിക്കും എന്നതാണ് അഗ്നിപഥിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. സര്‍വീസില്‍ എത്തുന്നവര്‍ നാലു വര്‍ഷം കഴിഞ്ഞാല്‍ പദവിയിലുണ്ടാകില്ല എന്നതു കൊണ്ടുതന്നെ പരിചയ സമ്പന്നരായ സൈനികരുടെ അഭാവം വെല്ലുവിളിയാകും. ആധുനിക യുദ്ധോപകരണങ്ങളില്‍ ഉള്‍പ്പെടെ നിരന്തര പരിശീലനം ലഭിക്കുന്നതിനുള്ള സാധ്യതയും പരിമിതമായിരിക്കും. അഗ്നീവര്‍മാരില്‍ നാലില്‍ ഒന്നിനെ മികവിന് അനുസരിച്ച് കരസേനയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇതിന് കേന്ദ്രം നല്‍കുന്ന വിശദീകരണം.
സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കും
യുദ്ധമുഖത്ത് ഉള്‍പ്പെടെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായാണ് ആളുകള്‍ സൈനിക സേവനത്തിന് എത്തുന്നത്. എന്നാല്‍ നാലു വര്‍ഷമെന്ന പരിമിതകാല നിയമനം സൈനിക സേവനത്തോടുള്ള ആത്മാര്‍പ്പണത്തെ ബാധിക്കും. റിസ്‌ക് എടുക്കാനുള്ള താല്‍പ്പര്യക്കുറവിന് സാധ്യതയുണ്ട്. ഇത് സൈന്യത്തിന്റെ മൊത്തത്തിലുള്ള ശേഷിയെ ബാധിക്കും. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ സൈനിക നിയമനങ്ങള്‍ തുടരുമെന്നാണ് ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം നിരത്തുന്ന വാദം.
പ്രായത്തിന്റെ പക്വതക്കുറവ്
പതിനേഴര വയസ്സിനും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അഗ്നീവര്‍ നിയമനത്തിന് യോഗ്യതയെന്നാണ് കേന്ദ്രം പറയുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് ഉള്ള ആളുകളെ രാജ്യരക്ഷാ ജോലിക്ക് നിയമിക്കുന്നത് ഗുണകരമല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങളും സൈനിക വൃത്തിക്ക് യുവാക്കളെയാണ് ആശ്രയിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.
കേന്ദ്ര നീക്കം ഗൃഹപാഠമില്ലാതെ
വേണ്ടത്ര ഗൃഹപാഠമോ കൂടിയാലോചനകളോ ഇല്ലാതെയാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതെന്ന് മുന്‍ സൈനിക മേധാവികള്‍ അടക്കം വിമര്‍ശനം ഉന്നയിക്കുന്നു. ആരുമായും കൂടിയാലോചിച്ചില്ല. സാമ്പത്തിക ലാഭം മാത്രമാണ് കേന്ദ്രം നോക്കുന്നത്. സൈന്യത്തെ മുച്ചൂടും മാറ്റിമറിക്കുന്ന തീരുമാനമെടുക്കുമ്പോള്‍ അതിന്റെ നേട്ട, കോട്ടങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പഠിച്ചില്ലെന്നും വിമര്‍ശനമുണ്ട്.