X

സിങ് ഈസ് കിങ്; എന്തു കൊണ്ട് മന്‍മോഹന്‍?

ഇന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ 88-ാം ജന്മദിനം. രാജ്യം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുമ്പോട്ടു പോകുന്ന വേളയിലാണ് മന്‍മോഹന്റെ ഇടപെടലുകളെ രാജ്യം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ മന്മോഹനേക്കാള്‍ മികച്ച ഒരാളെ ഇന്ന് കിട്ടാനില്ല എന്ന് സാമൂഹിക മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നു. എന്തു കൊണ്ട് മന്‍മോഹന്‍ എന്നു പരിശോധിക്കുന്നു.

മികച്ച സാമ്പത്തിക വളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പിതാവ് എന്നാണ് മന്‍മോഹന്‍ സിങ് അറിയപ്പെടുന്നത്. നരസിംഹറാവു സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി ആയിരിക്കെയാണ് സിങ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ധിഷണാപൂര്‍വ്വമായ ചുവടുവയ്പ്പുകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുവന്നു.

മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലത്ത് രാജ്യത്തിന്റെ ജിഡിപി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നില കൈവരിച്ചു. 2006-07 കാലയളവില്‍ മന്‍മോഹന്റെ കാലത്ത് കൈവരിച്ച 10.08 ശതമാനം ജിഡിപി വളര്‍ച്ചയാണ് അതില്‍ മികച്ചത്. മന്‍മോഹന്‍ ഭരണത്തിലിരുന്ന കാലത്ത് മൂന്നു വര്‍ഷം ഒമ്പത് ശതമാനത്തിന് മുകളിലായിരുന്നു ജിഡിപി. മോദി അധികാരത്തിലുള്ള കാലത്ത് 2015-16 വര്‍ഷത്തില്‍ കൈവരിച്ച 8.1 ശതമാനം ജിഡിപിയാണ് ഏറ്റവും മികച്ചത്. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ആഭ്യന്തര ഉത്പാദനം താഴോട്ടു പോയി.

2021 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മൈനസ് 23.9 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ നിരക്കാണിത്. കോവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ മൂലമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്നിവയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചത്. ജിഡിപി കുറയുന്നതിന്റെ അര്‍ത്ഥം രാജ്യത്ത് തൊഴിലില്ലാതാകുന്നു എന്നതാണ്. ജൂലൈ മുതല്‍ മാത്രം 18.9 ദശലക്ഷം ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വരും മാസങ്ങളില്‍ ഈ നഷ്ടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. നഗരമേഖലയില്‍ ജീവിക്കുന്ന പത്തില്‍ ഒരാള്‍ തൊഴില്‍ രഹിതനാണ് എന്നാണ് കണക്ക്.

സാമ്പത്തിക പരിഷ്‌കാരം അത്യാവശ്യം

1991ല്‍ നടപ്പാക്കിയതു പോലുള്ള സാമ്പത്തിക പരിഷ്‌കാരം രാജ്യത്ത് ഇപ്പോള്‍ ആവശ്യമാണ് എന്നാല്‍ ദ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എകണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12.6 ശതമാനം ജിഡിപി വളര്‍ച്ച കുറയുമെന്നും എന്‍സിഎഇആര്‍ പ്രവചിക്കുന്നു.

സമ്പദ് മേഖലയിലെ ഈ പരിഷ്‌കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നല്ലൊരു ധനമന്ത്രിയോ സാമ്പത്തിക വിദഗ്ദധനോ കൂടെയില്ല എന്നതാണ് മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയും.

നോട്ടുനിരോധനം, അശാസ്ത്രീയ ജിഎസ്ടി തുടങ്ങിയ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കൊപ്പം കോവിഡ് മഹാമാരി കൂടിയായതോടെ സര്‍ക്കാര്‍ ഏതാണ്ട് നടുവൊടിഞ്ഞ സ്ഥിതിയിലായിട്ടുണ്ട്. കോവിഡിനെതിരെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് പോലും ഫലപ്രദമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍സിങിനെ പോലെ ദീര്‍ഘവീക്ഷണുള്ള ഒരു സാമ്പത്തിക വിദഗ്ധന്റെ അനുഭവജ്ഞാനം രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

കര്‍ക്കശക്കാരനായ കൂടിയാലോചകന്‍

യുഎസുമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സിവില്‍ ആണവക്കരാര്‍ ഒപ്പുവച്ചത് മന്‍മോഹന്‍സിങിന്റെ കാലത്താണ്. 2005 ജൂലൈ 18നായിരുന്നു കരാര്‍ ഒപ്പുവച്ചത്. ആണവ റിയാക്ടറുടെ കാര്യത്തില്‍ ഇടഞ്ഞ യുഎസുമായി അന്ന് ചര്‍ച്ച നടത്താന്‍ അവസാന നിമിഷം സിങ് തയ്യാറായില്ല. സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ് റൈസ്, പ്രധാനമന്ത്രിക്കു പകരം വിദേശകാര്യമന്ത്രിയുമായാണ് ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ നിലപാട് മന്ത്രി അറിയിക്കുകയും കരാര്‍ സാധ്യമാകുകയും ചെയ്തു.

നിലവിലെ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച സുഹൃദ്ബന്ധമാണ് ഉള്ളത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും സുഹൃദ് സന്ദര്‍ശനങ്ങള്‍ നടത്തുകയും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കുയും ചെയ്തു. എന്നാല്‍ ഇതുവരെ യുഎസും ഇന്ത്യയും തമ്മില്‍ ഒരു വ്യാപാരക്കരാറില്‍ എത്താന്‍ മോദിക്കായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

Test User: